Latest News

മലപ്പുറത്ത് മുന്നൂറിലധികം കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറില്‍; അട്ടിമറിയെന്ന് സംശയം

മലപ്പുറം:[www.malabarflash.com] ജില്ലയില്‍ മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് പോളിംഗിനെ ബാധിച്ചു. ഇത്രയധികം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ചില ഇടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ സെല്ലോടേപ്പും കടലാസ് കഷ്ണങ്ങളും തിരുകിവച്ചതായും കാണപ്പെട്ടു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ ജില്ലാ പോലീസ് മേധാവിയോടും കളക്ടറോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

രാവിലെ ഏഴോടെ വോട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ മിക്കയിടങ്ങളിലും വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണെ്ടത്തി. വ്യാപകമായി വോട്ടിംഗ് മെഷീന്‍ തകരാറിലായതോടെ മുന്നണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലീഗ് ശക്തികേന്ദ്രങ്ങളിലാണ് കൂടുതലായി വോട്ടിംഗ് മെഷീന്‍ തകരാറിലായതായി കാണപ്പെട്ടത്. നിലമ്പൂര്‍, വണ്ടൂര്‍, കൊണേ്ടാട്ടി, പുലാമന്തോള്‍ അടക്കമുള്ള സ്ഥലങ്ങളിലും മറ്റുമാണ് യന്ത്രം കേടായത്. ഇത് വോട്ടിംഗ് ഏറെ നേരെ വൈകിപ്പിച്ചു.

അതേസമയം തകരാര്‍ ശരിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്. വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണപ്പെട്ട സ്ഥലങ്ങളില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ തകാരാര്‍ പരിഹരിച്ച് വരികയാണ്. തീരെ കേടായവ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ച് കൊടുത്തിട്ടുണ്ട്. യന്ത്രതകരാറല്ല, ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് സംഭവത്തിനു കാരണമെന്നു കളക്ടര്‍ ടി.ഭാസ്‌കരന്‍ പറഞ്ഞു.

വോട്ടിംഗ് യന്ത്ര പരിശീലന സമയത്ത് ഉദ്യോഗസ്ഥരില്‍ പലരും പങ്കെടുത്തില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നു ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലായിരുന്നു പലരും. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇവര്‍ ലാഘവത്തോടെയാണ് കണ്ടതെന്നും കളക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റം പറയുകയല്ല, ജനാധിപത്യ സംവിധാനത്തില്‍ എല്ലാം കാര്യക്ഷമതയോടെ നടക്കണമെങ്കില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ഗൗരവമുള്ളതാണെന്നും തകാരാര്‍ അന്വേഷിക്കണമെന്നും മുസ്്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.