Latest News

ഇ.കെ.വിഭാഗം സമസ്ത തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത ടി പി അഷ്‌റഫലിക്ക് ഉജ്ജ്വല വിജയം

മലപ്പുറം:[www.malabarflash.com] ഇ.കെ.വിഭാഗം സമസ്ത തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത മലപ്പുറം കരുവാരക്കുണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്‌റഫലിക്ക് ഉജ്ജ്വല ജയം. 2317 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.കെ.വിഭാഗം സമസ്തയുടെ എതിര്‍പ്പിനിടയിലും അഷ്‌റഫലി ജയിച്ചത്.

അഷ്‌റഫലിക്ക് 26,972 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന് 24,655 വോട്ടാണ് ലഭിച്ചത്.
ഇ.കെ.വിഭാഗം സമസ്തയുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച അഷ്‌റഫലിയെ പരാജയപ്പെടുത്താന്‍ നേതാക്കളും അണികളും ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ തളളിക്കളഞ്ഞു.

എക്കാലത്തും സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് ലീഗിനെ നിയന്ത്രിക്കാനുളള ഇ.കെ. വിഭാഗം സമസ്തയുടെ നീക്കത്തിനേററ കനത്ത തിരിച്ചടിയാണ് അഷ്‌റഫലിയുടെ വിജയം.

അഷ്‌റഫലിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് പരസ്യമായി യോഗം വിളിച്ച ഹമീദ് ഫൈസി അമ്പലക്കടവിനെ എസ് വൈ എസിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഹമീദ് ഫൈസിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിനെതിരെ മുസ്‌ലിം ലിഗ് നേതൃത്വം ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ഇ.കെ വിഭാഗം സമസ്ത നേതാക്കള്‍ നിര്‍ബന്ധിതരായത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഇ.കെ വിഭാഗത്തിന്റെ നിലപാടിനെതിര ശക്തമായി പ്രതികരിച്ചതോടെയാണ് അഷ്‌റഫലി അവരുടെ കണ്ണിലെ കരടായത്. ഒടുവില്‍ അഷ്‌റഫലിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മാപ്പ് പറഞ്ഞില്ലെങ്കില്‍ പരാജയപ്പെടുത്തുമെന്ന ഭീഷണിയുമായി സമസ്തയുടെ യുവനേതാക്കള്‍ രംഗത്ത് വരികയായിരുന്നു. മാപ്പ് അപേക്ഷിച്ച് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് കത്ത് നല്‍കണമെന്നായിരുന്നു യുവ നേതാക്കളുടെ ആവശ്യം. സമ്മദര്‍ദത്തിന് വഴങ്ങി അഷ്‌റഫലി കത്ത് നല്‍കിയെങ്കിലും അതില്‍ മാപ്പപേക്ഷ ഉണ്ടായിരുന്നില്ല.

കത്ത് നല്‍കിയതറിഞ്ഞ് അഷ്‌റഫലിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ കത്തില്‍ മാപ്പപേക്ഷ ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ മുന്‍ പോസ്റ്റ് പിന്‍വലിച്ച ഓണംപിള്ളി അഷ്‌റഫലിക്കെതിരെ മറ്റൊരു പോസ്റ്റ് ഇടുകയായിരുന്നു. കൊതിച്ചത് നടന്നില്ലെങ്കില്‍ വിധിച്ചത് നടക്കട്ടെ എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ തുടര്‍ച്ചയായാണ് ഹമീദ് ഫൈസിയുടെയും ഓണംപിള്ളിയുടെയും നേതൃത്വത്തില്‍ കരുവാരക്കുണ്ടില്‍ പരസ്യയോഗം വിളിച്ച് അഷ്‌റഫലിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.