Latest News

വീട്ടമ്മയെ കൊന്ന് കവര്‍ച്ച; പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com]കാഞ്ഞങ്ങാടിനടുത്ത് തോയമ്മലിലെ ജാനകിയമ്മയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. തോയമ്മല്‍ പുതുവൈയിലെ മധു(34)വിനെയാണ് അറസ്റ്റു ചെയ്തത്.

കര്‍ണാടക ധര്‍മ്മസ്ഥലയിലെ ക്ഷേത്രസത്രത്തില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസ് പറഞ്ഞു.
കവര്‍ച്ച ചെയ്ത സ്വര്‍ണം കാഞ്ഞങ്ങാട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് തോയമ്മല്‍ 'നന്ദാലന്‍ ഹൗസി'ലെ ജാനകിയമ്മ(65)യെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തനിച്ച് താമസിക്കുകയായിരുന്നു ഇവര്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

പോലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊല നടന്നത്. തൊട്ടു തലേ ദിവസം ചൊവ്വാഴ്ച മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ വച്ചു മുന്‍പരിചയമുള്ള മധുവിനെ കണ്ടപ്പോള്‍ പറമ്പ് വൃത്തിയക്കാനും തേങ്ങ പൊറുക്കിവെക്കാനും ജോലിക്ക് വരുമോയെന്ന് ജാനകിയമ്മ ചോദിച്ചു. 

പണി ഏറ്റ മധു പിറ്റേന്നാള്‍ രാവിലെ 8.30 ഓടെ വീട്ടിലെത്തി. നൂറു രൂപ കൊടുത്തിട്ട് ജില്ലാ ആസ്പത്രിക്കടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ച് വരാന്‍ പറഞ്ഞു. അവിടെ ദോശയേ ഉണ്ടാകുകയുള്ളൂവെന്നും അതെനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞ മധുവിനോട്,എന്നാല്‍ ഇവിടെ കപ്പയുണ്ടെന്നും അത് കഴിച്ചോളാനും ജാനകിയമ്മ പറഞ്ഞു. ഇതിനിടെ നൂറുരൂപ മധു ജാനകിയമ്മയ്ക്ക് തിരികെ കൊടുത്തു. മുറ്റത്ത് നിന്ന് രണ്ടു പേരും വീട്ടിനകത്തേക്ക് കയറി. 

കിടപ്പുമുറിയിലെ ഷെല്‍ഫ് തുറന്ന് നൂറുരൂപ അതിനകത്ത് വയ്ക്കുന്നതിനിടെ ജാനകിയമ്മയോട് മധു, 500 രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ പണം തരില്ലെന്നു പറഞ്ഞ ജാനകിയമ്മ, ഇയാളുടെ അമിതമായ മദ്യപാനത്തെ കുറ്റപ്പെടുത്തിയും സംസാരിച്ചു. അതൊന്നും പറയേണ്ടെന്ന് പറഞ്ഞ് മധു ജാനകിയമ്മയെ തള്ളി. ഷെല്‍ഫിനും കട്ടിലിനും ഇടയിലേക്ക് കമിഴ്ന്ന് വീണ ജാനകിയമ്മയുടെ തലയില്‍ അവിടെയുണ്ടായിരുന്നു വാക്കത്തിയുടെ പിറക് ഭാഗം കൊണ്ട് ശക്തമായി അടിച്ചു. 

തലപൊട്ടി ചോര ഒഴുകുന്നതിനിടെ അവര്‍ നിലവിളിച്ചു. റേഡിയോയില്‍ പാട്ട് ഉച്ചത്തില്‍ വച്ചതിനാല്‍ ഈ നിലവിളി പുറത്താരും കേട്ടില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ചൂരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കി. ബെഡ്ഷീറ്റ് എടുത്ത് മൂക്കും വായയും കെട്ടി.മരിച്ചെന്ന് ഉറപ്പായതോടെ ഷെല്‍ഫിലുണ്ടായിരുന്ന ബാഗില്‍ നിന്ന് എട്ടേമുക്കാല്‍ പവനും 1200 രൂപയും അടങ്ങിയ ലേഡീസ് പേഴ്‌സ് എടുത്ത് കടന്നുകളഞ്ഞു.

നേരെ കാഞ്ഞങ്ങാട്ടെത്തി. പേഴ്‌സില്‍ നിന്ന് 1200 രൂപയും ഒരു മോതിരവും എടുത്തു. മാലയും നാലു വളയും ആറ് മുക്കുപണ്ട വളയും പേഴ്‌സില്‍ ബാക്കിയുണ്ടായിരുന്നു. അതെല്ലാം പേഴ്‌സില്‍ തന്നെ ഇട്ട് നിത്യാനന്ദാശ്രാമത്തിലേക്കുള്ള ഇടുങ്ങിയ റോഡിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു.അതിന് ശേഷം പറശിനിക്കടവിലേക്കും പിന്നീട് ധര്‍മസ്ഥലയിലേക്കും പോകുകയായിരുന്നു. 

പ്രതിയെ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കും.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.കെ.ഹരിശ്ചന്ദ്രനായ്ക്ക്, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍,തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍കുമാര്‍,എസ്.ഐ.ബിജുലാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.