Latest News

നീലേശ്വരം രാജാവ് അഡ്വ. ടി.സി.സി. കൃഷ്ണ വര്‍മ്മ വലിയരാജ അന്തരിച്ചു

നീലേശ്വരം:[www.malabarflash.com] രാജവംശത്തിലെ മൂത്തകൂര്‍ രാജാവ് അഡ്വ. ടി.സി.സി. കൃഷ്ണ വര്‍മ്മ വലിയരാജ (93) തീപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടു മൂന്നു മണിക്കു പടിഞ്ഞാറ്റംകൊഴുവലിലെ രാജവംശ ശ്മശാനത്തില്‍ നടക്കും.

2013 ഫെബ്രുവരി ഒന്നിനാണ് ഇദ്ദേഹത്തെ നീലേശ്വരം രാജാവായി അരിയിട്ടു വാഴിച്ചത്. 1953-54 ല്‍ നീലേശ്വരം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, രാജാസ് എഎല്‍പി സ്‌കൂള്‍, അച്ചാംതുരുത്തി രാജാസ് എയുപിഎസ് എന്നിവയുടെ മാനേജര്‍, നെഹ്‌റു മെമ്മോറിയല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം വേട്ടക്കൊരുമകന്‍ ക്ഷേത്രം ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ആലമ്പാടി കൊട്ടില്‍ വിഷ്ണു പട്ടേരിയുടെയും ഉമാമഹേശ്വരി തമ്പുരാട്ടിയുടെയും മകനായി 1923 മാര്‍ച്ച് ഏഴിനായിരുന്നു ജനനം. നീലേശ്വരം രാജാസ് സ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഒരു വര്‍ഷം രാജാസ്‌ സ്‌കൂളില്‍ അധ്യാപകനായി. 1949 ല്‍ മദ്രാസ് ലോ കോളജില്‍ നിന്നു എല്‍എല്‍ബി പാസായി മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. 1950 മുതല്‍ അര നൂറ്റാണ്ടു കാലം ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു.

കൂര്‍വാഴ്ച സമ്പ്രദായം പിന്തുടരുന്ന നീലേശ്വരം രാജവംശത്തില്‍ നിലവില്‍ രണ്ടാംകൂര്‍ രാജാവായ ടി.സി. കേരള വര്‍മ രാജയാണ് അടുത്ത ഒന്നാംകൂര്‍ രാജാവാകേണ്ടത്. കോയമ്പത്തൂരില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ഇദ്ദേഹം. വലിയരാജയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന 16-ാം ദിവസത്തിലോ സൗകര്യപ്രദമായ ശുഭമൂഹൂര്‍ത്തത്തിലോ ചടങ്ങു നടക്കും.

ഭാര്യ: കെ.ഇ. രാധ നങ്ങ്യാരമ്മ (കുറ്റിയാട്ടൂര്‍). മക്കള്‍: കെ.ഇ. രാധാകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), ഉമാ മഹേശ്വരി (തൃപ്പൂണിത്തുറ), പരേതനായ കൃഷ്ണരാജന്‍. മരുമക്കള്‍: എ. ശങ്കരന്‍കുട്ടി തൃപ്പൂണിത്തുറ (റിട്ട. മാനേജര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. പി. ഗിരിജ (പാലക്കാട്ട്), പരേതയായ പി. ജയശ്രീ ടീച്ചര്‍. സഹോദരന്‍: ടി.സി. ഉദയവര്‍മ രാജ (എറണാകുളം).




Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.