Latest News

പതിവ് തെറ്റിച്ചില്ല; പ്രഭാത സവാരി; സൂര്യനമസ്‌കാരം; പുരുഷോത്തമന്‍ വക്കീലിന്റെ വീട്ടില്‍ നിന്ന് പുട്ടുംകടലയും

കാഞ്ഞങ്ങാട്:[www.malabarflash.com] പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പതിവ് തെറ്റിച്ചില്ല. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടെത്തിയ വി.എസ് ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പതിവ് പോലെ കൈലി മുണ്ട് ധരിച്ച് ഏറെ നേരം പ്രഭാത സവാരി നടത്തി.

പിന്നീട് സൂര്യനമസ്‌കാരം. അത് കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയ വി.എസ്. പ്രാഥമിക കൃത്യനിര്‍വ്വഹണം നടത്തി. ഇതിനിടയില്‍ തന്റെ വിശ്വസ്ത സുഹൃത്ത് പരേതനായ അഡ്വ.കെ.പുരുഷോത്തമന്റെ വീട്ടില്‍ നിന്ന് വി.എസിന് കഴിക്കാന്‍ പുട്ടും കടലയും പുഴുങ്ങിയ പഴവും ദോശയും എത്തി. വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ടെത്തിയാല്‍ വി.എസിന് ഭക്ഷണം പുരുഷോത്തമന്‍ വക്കീലിന്റെ വീട്ടില്‍ നിന്നാണ് എത്തിക്കാറുള്ളത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണം പുരുഷോത്തമന്‍ വക്കീലിന്റെ വീട്ടിലെത്തി കഴിച്ചു. പുഴ മത്സ്യത്തോടാണ് വി.എസിന് ഏറെ ഇഷ്ടം. അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും വി.എസ്. ആ പതിവും തെറ്റിച്ചില്ല. 

പ്രാതല്‍ കഴിച്ച ശേഷം 9 മണിയോടെ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം അത് ഒഴിവാക്കി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അതി രാവിലെ തന്നെ വി.എസിന്റെ വാക്ക് കേള്‍ക്കാന്‍ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ കാണില്ലെന്ന വിവരം പുറത്ത് വന്നതോടെ അവരൊക്കെ നിരാശരായി. പത്ത് മണിയോടെ പള്ളിക്കര പള്ളിപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ വി.എസിനെ മാധ്യമപ്പട വളഞ്ഞു. ചുരുക്കം ചില വാക്കുകള്‍ പറഞ്ഞ് അദ്ദേഹം പള്ളിക്കരയിലേക്ക് യാത്ര തിരിച്ചു.

ഉത്തരമേഖലാ ഏഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയരക്ടറായി നിയമിച്ചതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഡിജിപി തലത്തിലുള്ളവരെയാണ് വിജിലന്‍സ് ഡയരക്ടറായി നിയമിക്കാറുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. അഴിമതിക്കേസുകളില്‍ ശങ്കര്‍ റെഡ്ഡി സ്വീകരിക്കുന്ന നിലപാടുകള്‍ പരിശോധിച്ച് അപ്പപ്പോള്‍ പ്രതികരിക്കുമെന്ന് വി.എസ്.കൂട്ടിച്ചേര്‍ത്തു.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീശ് ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.കെ.നാരായണന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍, വി.വി.രമേശന്‍, ഏരിയാ സെക്രട്ടറി പി.നാരായണന്‍ എന്നിവര്‍ വി.എസിനോടൊപ്പം ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.