Latest News

വ്യാജ പാസ്‌പോര്‍ട്ട്: പടന്നക്കാട് സ്വദേശിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കാസര്‍കോട്:[www.malabarflash.com] വ്യാജപാസ്‌പോര്‍ട്ട് കേസില്‍ പടന്നക്കാട് സ്വദേശിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പടന്നക്കാട്ടെ അബ്ദുല്‍ ഷമീറാ(36)ണ് അറസ്റ്റിലായത്. ബന്ധു പരപ്പയിലെ മുഹമ്മദ് ഷംനാസിന്റെ മേല്‍വിലാസവും അബ്ദുല്‍ ഷമീറിന്റെ ഫോട്ടോയും ഉപയോഗിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്.

ക്രൈംബ്രാഞ്ച് സി.ഐ. ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ ഷമീര്‍ പിടിയിലായത്. പാസ്‌പോര്‍ട്ട് കേസില്‍ മുഹമ്മദ് ഷംനാസിനെ നേരത്തെ സംശയിച്ചിരുന്നു. അതിനാല്‍ വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസം വിദേശത്ത് പോകാന്‍ മംഗലാപുരം വിമാനത്താവളത്തിലെത്തിയ ഷംനാസിനെ സെക്യൂരിറ്റി വിഭാഗം തടഞ്ഞ് വെച്ചു. വിവരമറിഞ്ഞെത്തിയ ക്രൈംബ്രാഞ്ച് ഷംനാസിനെ ചോദ്യം ചെയ്തു. താന്‍ കുറച്ച് കാലം അബ്ദുല്‍ ഷമീറിന്റെ പടന്നക്കാട്ടെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും അല്ലാതെ വ്യാജ പാസ്‌പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഷംനാസ് പറഞ്ഞു. താന്‍ അറിയാതെയാണ് ഷമീര്‍ തന്റെ മേല്‍വിലാസം ഉപയോഗിച്ചതെന്ന് ഷംനാസ് വ്യക്തമാക്കി. അതോടെ ഷംനാസിനെ പോകാന്‍ അനുവദിച്ച ക്രൈംബ്രാഞ്ച് സംഘം ഷമീറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. 

വ്യാജ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ ഉപയോഗിച്ച ചില രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. അറസ്റ്റിലായ അബ്ദുല്‍ ഷമീറിനെ കോടതി ഡിസംബര്‍ 23വരെ റിമാണ്ട് ചെയ്തു.
കാസര്‍കോട് ജില്ലയില്‍ 2011ന് ശേഷം 140 വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ 30 കേസുകള്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് യൂണിറ്റും പത്ത് കേസുകള്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റും അന്വേഷിക്കുന്നു. ബാക്കിയുള്ളവ അതീവ ഗൗരമുള്ളതായതിനാല്‍ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ജി) ആണ് അന്വേഷിക്കുന്നത്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ചെറുവത്തൂരിലെ അശോകന്‍, ചന്ദ്രന്‍ എന്നിവരാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് വേണ്ടി കൂട്ട് നിന്നതെന്ന് വ്യക്തമായിരുന്നു. അതിനാല്‍ ഇവര്‍ സസ്‌പെന്‍ഷനിലാണ്. കൂടാതെ പടന്നക്കാട്, കൊളവയല്‍ എന്നിവിടങ്ങളില്‍ നേരത്തെ ജോലി ചെയ്തിരുന്ന പോസ്റ്റുമാന്‍മാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് 
ക്രൈംബ്രാഞ്ച് സി.ഐ ബാബു പെരിങ്ങോത്ത് പറഞ്ഞു.

വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കിയതിന്റെ മാസ്റ്റര്‍ ബ്രൈന്‍ കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഒരു ട്രാവല്‍ ഏജന്‍സിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ട്രാവല്‍ ഏജന്‍സിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.