Latest News

കബഡി താരത്തിന്റെ മരണം കൊലപാതകം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] കബഡി താരവും കാര്യങ്കോട്ടെ പരേതനായ മുള്ളന്‍വളപ്പില്‍ ഗോപാലകൃഷ്ണന്‍-ചെമ്മരത്തി ദമ്പതികളുടെ മകനുമായ സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ മാതൃ സഹോദരി തമ്പായിയുടെ മകന്‍ മനോജ് കുമാര്‍ (37) പോലീസിന്റെ പിടിയിലായി.

കൊല്ലപ്പെട്ട സന്തോഷും പ്രതി മനോജ് കുമാറും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. തിങ്കളാഴ്ച രാവിലെ കാര്യങ്കോട്ടെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.
ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സന്തോഷിന്റെ അമ്മ അസുഖത്തെത്തുടര്‍ന്ന് നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സന്തോഷിന്റെ ഭാര്യ രഞ്ജുഷയും മക്കളായ ശയന, ശിവാനി എന്നിവര്‍ ആശുപത്രിയില്‍ സന്തോഷിന്റെ അമ്മയെ പരിചരിക്കാന്‍ പോയിരുന്നു.

ഞായറാഴ്ച രാത്രി നല്ല മദ്യ ലഹരിയിലായിരുന്നു സന്തോഷ്. അന്ന് രാത്രി 10.30 മണിയോടെ വെള്ളച്ചാലില്‍ വാടക വീട്ടില്‍ താമസിക്കുന്ന പൊടോത്തുരുത്തി സ്വദേശിയായ മനോജ് കുമാര്‍ തനിച്ച് മോട്ടോര്‍ ബൈക്കില്‍ എത്തുകയും സമീപ പ്രദേശത്തെ വീടുകളിലെ ലൈറ്റ് അണഞ്ഞുവെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിനകത്ത് കയറി സന്തോഷിനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

നീലേശ്വരം സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ശബരിമല ഡ്യൂട്ടിയിലായതിനാല്‍ ചുമതലയുള്ള വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്‌ഐ പി.നാരായണന്‍, അഡി. എസ്.ഐ കെ.ചന്ദ്രന്‍ മാണിയാട്ട്, ക്രൈം സ്‌ക്വാഡില്‍പെട്ട ദിവാകരന്‍, കെ.മഹേന്ദ്രന്‍, ദിനേശ് രാജ്, പി.കെ.സുരേഷ്, സി.വി.ഷാജു, ശിവന്‍ എന്നിവരടങ്ങുന്ന സംഘം കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്ര നായകിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.