Latest News

പളളിക്കരയില്‍ നിന്നും യുപി സ്വദേശിയുടെ പണവുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

ബേക്കല്‍:[www.malabarflash.com]യു പി സ്വദേശി താമസിക്കുന്ന ക്വാട്ടേഴ്‌സ് മുറിയില്‍ നിന്ന് പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച് മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.വെളളിയാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് സംഭവം.

കണ്ണൂര്‍ ഇരിങ്ങലിലെ ഹരിയെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കര കല്ലിങ്കാലിലെ വാടക ക്വട്ടേഴ്‌സില്‍ താമസിക്കുന്ന യു പി അത്താവൂരിലെ റഹ്മാന്റെ 500 രൂപ അടങ്ങിയ പേഴ്‌സും വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഹരി കടന്ന് കളഞ്ഞത്. റഹ്മാന്‍ കല്ലിങ്കാലിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനാണ്.

പതിവ് പോലെ ക്വാര്‍ട്ടേഴ്‌സ് മുറി പൂട്ടിയ ശേഷം റഹ്മാന്‍ ഷോപ്പിലേക്ക് പോയതായിരുന്നു. ഈ സമയം ക്വാര്‍ട്ടേഴ്‌സിലെത്തിയ ഹരി മുറിയുടെ പൂട്ട് കുത്തിതുറന്ന് അകത്ത് കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്‌സുമായി മുങ്ങുകയായിരുന്നു.

റഹ്മാന്റെ മുറിയില്‍ നിന്ന് ഒരു യുവാവ് സംശയകരമായ സാഹചര്യത്തില്‍ ഇറങ്ങിപോകുന്നത് കണ്ട് പന്തികേട് തോന്നിയ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം റഹ്മാനെ അറിയിക്കുകയായിരുന്നു.
റഹ്മാന്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധിച്ചപ്പോഴാണ് പണമടങ്ങിയ പേഴ്‌സ് കാണാനില്ലെന്ന് വ്യക്തമായത്.
തടര്‍ന്ന് റഹ്മാന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിസരവാസികള്‍ വെളിപ്പെടുത്തിയ അടയാളങ്ങള്‍ വെച്ച് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഹരിയെ പിടികൂടാന്‍കഴിഞ്ഞത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളിക്കരയിലേക്ക് വന്ന റഹ്മാന്‍ കല്ലിങ്കാലിലെ വര്‍ക്ക് ഷോപ്പില്‍ ജോലിക്ക് ചേരുകയും ഇതിന്റെ സൗകര്യാര്‍ത്ഥം ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിക്കുകയുമായിരുന്നു. കല്ലിങ്കാലില്‍ സമീപ കാലത്തായി ചെറുതും വലുതുമായ മോഷണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മോഷണങ്ങളുമായി ഹരിക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.