Latest News

ഹൃദയാഘാതം: മൂന്നു പേര്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] ഹൃദയാഘാതത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള മൂന്നു പേര്‍ മരണപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് ആവിയിലെ സി.പി.കെ.മുസ്തഫ (55) തിങ്കളാഴ്ച രാവിലെ ആറര മണിയോടെയാണ് മരണപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മുസ്തഫ വഴിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുകയും കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നു.

കോട്ടച്ചേരി അബ്ബാസ് സെന്ററിലെ ജയ് മോട്ടോര്‍സ് സ്ഥാപന ഉടമയാണ് മുസ്തഫ. കര്‍ണാടക സര്‍ക്കാറിന്റെ നന്ദിനി പാല്‍ ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണ കമ്പനിയായ ജയ് ഏജന്‍സീസിന്റെ ഉടമ കൂടിയാണ് കണ്ണൂര്‍ കക്കാട് സ്വദേശിയായ മുസ്തഫ. 

ഏറെ കാലമായി മുറിയനാവിക്കടുത്തുള്ള ആവിയിലാണ് കുടുംബ സമേതം താമസിച്ചു വന്നത്. മുസ്തഫയുടെ അകാല മരണം കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. 


ജബീര്‍, ജംഷീര്‍, ആയിഷ എന്നിവരാണ് മക്കള്‍. സിദ്ദിഖ്, സക്കീന, നസീമ, സുബൈദ, നൂര്‍ജഹാന്‍, ഫാത്തിമ, പരേതനായ ഖാലിദ് എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ആവിയില്‍ ജുമാ മസ്ജിദ് പരിസരത്ത് മറവ് ചെയ്തു.
കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബ്ബിനടുത്ത് താമസിക്കുന്ന മത്സ്യ ബന്ധന തൊഴിലാളി കെ.കെ.ചന്ദ്രനും (62) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചന്ദ്രനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിര. ഇവര്‍ക്ക് മക്കളില്ല. സഹോദരങ്ങള്‍: നന്ദനന്‍, വസന്തന്‍, കോമള. സിപിഎം ബല്ലാ കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ഗണേശന്റെ സഹോദരി ഭര്‍ത്താവാണ് ചന്ദ്രന്‍.

സെന്റര്‍ ചിത്താരിയിലെ പെട്രോള്‍ പമ്പിനടുത്ത് താമസിക്കുന്ന എംഎല്‍ഏ അബ്ദുല്ല എന്നു വിളിക്കുന്ന ഏ.ഏ.അബ്ദുള്ള (62) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി മരണപ്പെട്ടു. ചിത്താരി മേഖലയില്‍ മത-സാമൂഹിക രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്ലയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം എംഎല്‍ഏ എന്ന് വിളിച്ചു വരികയായിരുന്നു. 

വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കാര്യാലയത്തില്‍ അപേക്ഷകള്‍ തയ്യാറാക്കി നല്‍കി ജനങ്ങളെ ഏറെ സേവിച്ച പരോപകാരിയാണ് അബ്ദുല്ല. പതിവ് പോലെ ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അബ്ദുല്ല വൈകീട്ട് തിരിച്ചെത്തിയ ശേഷം കടുത്ത നെഞ്ചു വേദന അനുഭവപ്പെടുകയും ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു.

മയ്യത്ത് സെന്‍ട്രല്‍ ചിത്താരി ജുമാ മസ്ജിദ് പരിസരത്ത് മറവ് ചെയ്തു. ഭാര്യ: ആയിഷ. മക്കള്‍: സഫ്തീന, സഫ്‌വാന്‍, സൈഫുദ്ദീന്‍, അബ്ദുള്‍ റസാഖ്, ഫാത്തിമ. മരുമക്കള്‍: നൗഷാദ് കടപ്പുറം. സഹോദരങ്ങള്‍: അഹമ്മദ് നോര്‍ത്തി ചിത്താരി, അസൈനാര്‍, അഷ്‌റഫ്.Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.