Latest News

മതസൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു

തിരുവനന്തപുരം:[www.malabarflash.com] മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന്‌എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ്. ഐ.പി.സി 153ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.

കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ടമായ നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീമായതു കൊണ്ടാണെന്ന വിവാദപരമായ പ്രസ്താവനയെ തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്.

'വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വി.എസിന്റെ പരാതയില്‍ അന്വേഷണം നടക്കുന്നതിനാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സാമുദായിക സ്പര്‍ദ വളര്‍ത്താനുള്ള ഒരു നീക്കവും അംഗീകരിക്കില്ല. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ല. ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സമുത്വമുന്നേറ്റ യാത്ര തടയാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.