Latest News

ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിക്കാന്‍ രഞ്ജുഷ ക്വട്ടേഷന്‍ നല്‍കി

നീലേശ്വരം:[www.malabarflash.com] കബഡി താരം ചെറുവത്തൂര്‍ കാര്യങ്കോട്ടെ ജി.സന്തോഷിനെ, ഭര്‍തൃ സഹോദരനും അടുപ്പക്കാരനുമായ മനോജിനെ ഉപയോഗിച്ച് അപായപ്പെടുത്താന്‍ ഭാര്യ രഞ്ജുഷ നടത്തിയ പദ്ധതിയാണ് നാടിനെ പിടിച്ചു കുലുക്കിയ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിക്കാനായിരുന്നു ഭാര്യയുടെ ആവശ്യമെങ്കിലും സന്തോഷിനെ എന്നെന്നേക്കുമായി ഇല്ലാതാക്കി രഞ്ജുഷയെ സ്വന്തമാക്കാനായിരുന്നു മനോജിന്റെ പദ്ധതി. 

കൊലപാതകത്തിന് ശേഷം മനോജ് സന്തോഷിന്റെ ഭാര്യ ചിത്താരി കല്ലങ്കാലിനടുത്ത പൊയ്യക്കര സ്വദേശിനി രഞ്ജുഷയെ ഫോണില്‍ വിളിച്ച് സന്തോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം രഞ്ജുഷ മനഃപൂര്‍വ്വം മറച്ചു വെക്കുകയായിരുന്നു. പോലീസ് രണ്ട് തവണ രഞ്ജുഷയെ ചോദ്യം ചെയ്‌തെങ്കിലും സന്തോഷ് കൊലക്കേസുമായി തനിക്ക് യാതൊരു ബന്ധമോ അറിവോ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു യുവതി. ഇത് പോലീസിനെ ഏറെ വലക്കുകയും ചെയ്തു. 

സന്തോഷിന്റെ കൊലപാതകം നടന്നതിന് ശേഷം അന്വേഷണം ഏറ്റെടുത്ത വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന് രഞ്ജുഷയും മനോജും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ഇതിന് ശേഷം രഞ്ജുഷ പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. 

യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം സന്തോഷിന്റെ മരണാനന്തര ചടങ്ങുകളിലൊക്കെ രഞ്ജുഷയും മനോജും ഏറെ ദുഃഖത്തോടെ ഭാഗവാക്കാവുകയും ചെയ്തു. മരണാനന്തര ക്രിയകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയതും സന്തോഷിന്റെ ചിതക്ക് തീ കൊളുത്തിയതും മാതൃ സഹോദരി പുത്രന്‍ കൂടിയായ കൊലയാളി മനോജ് തന്നെയായിരുന്നു. 

ഇതിനിടയില്‍ തന്നെ സന്തോഷിനെ മനോജ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. സഞ്ചയന ചടങ്ങ് കഴിയുന്നതിന് കാത്തുനിന്ന പോലീസ് ചടങ്ങ് കഴിയുന്ന ദിവസം വൈകുന്നേരത്തോടെ മനോജിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
രഞ്ജുഷ തനിക്ക് മൊബൈല്‍ ഫോണില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. സന്തോഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രഞ്ജുഷ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. ഈ ഫോണും മനോജിന്റെ ആറ് സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കാസര്‍കോട് സൈബര്‍ സെല്ലില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വ്യാഴാഴ്ച ഉച്ചയോടെ നീലേശ്വരം സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് രഞ്ജുഷയെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സന്തോഷ് മരണപ്പെടുന്നതിന് മുമ്പ് നിരവധി തവണ മനോജ് രഞ്ജുഷയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സന്തോഷിന്റെ ശല്യം കൂടിക്കൂടി വരികയാണെന്നും ദേഹോപദ്രവം ഏല്‍പ്പിക്കണമെന്നും രഞ്ജുഷ പലപ്പോഴും മനോജിനോട് പറഞ്ഞിരുന്നു. ദേഹോപദ്രവം മാത്രമാണ് രഞ്ജുഷ നിര്‍ദ്ദേശിച്ചതെങ്കിലും രഞ്ജുഷയും സന്തോഷിന്റെ അമ്മയും രണ്ട് മക്കളും വീട്ടിലില്ലാത്ത തക്കം നോക്കി സന്തോഷിന്റെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.
രഞ്ജുഷയെ സ്വന്തമാക്കുക എന്ന അമിതമായ താല്‍പര്യമാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ മനോജിനെ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം മറച്ചു വെച്ചതിനും ഗൂഡാലോചന നടത്തിയതിനുമാണ് രഞ്ജുഷ അറസ്റ്റിലായത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.