Latest News

കടബാധ്യത കാരണം ഫര്‍ണിച്ചര്‍ ഷോപ്പിന് തീയിട്ടു; ഉടമയും സംഘവും അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] പലരില്‍ നിന്നായി മുന്‍കൂറായി തുക കൈപ്പറ്റിയിട്ടും അവര്‍ക്ക് ഫര്‍ണിച്ചര്‍ കൊടുക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് കടയ്ക്ക് തീകൊളുത്തിയ ഉടമയും സംഘവും അറസ്റ്റില്‍.

കണ്ണൂര്‍ മടക്കരയിലെ മര്‍വ ഫര്‍ണിച്ചര്‍ കട തീവെച്ച് നശിപ്പിച്ച കേസില്‍ കടയുടമ എം.വി.സലീം(38), സീരവിട ജാഫര്‍ (33), അബ്ദുല്‍സമദ് ഇ.കെ.പി. (39) എന്നിവരെ കണ്ണപുരം പ്രിന്‍സിപ്പല്‍ എസ്.ഐ. പി.എ.ബിനുമോഹനും സംഘവുമാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സൈനബയെ സ്ത്രീവേഷം കെട്ടി അവഹേളിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായിരുന്നു സലീം.

കട കത്തി നശിച്ചതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായിരുന്നുവെന്ന കാട്ടി പ്രതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കട കത്തിച്ചതിന് പിന്നിലെന്ന് കണ്ടെത്തിയത്.

മുന്‍കൂറായി തുക കൈപ്പറ്റിയിട്ടും അവര്‍ക്ക് ഫര്‍ണിച്ചര്‍ കൊടുക്കാന്‍ പറ്റാത്തതിനാല്‍ കടബാധ്യതയുണ്ടായെന്നും ഇതുകാരണം അവരുടെ അനുകമ്പ പിടിച്ചുപറ്റാന്‍ കടയ്ക്ക് സ്വയം തീവെക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

മൂന്നുപേരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ. പ്രേമന്‍, എ.എസ്.ഐ. ശ്രീനിവാസ്, സി.പി.ഒ. ബിജു കെ.വി., സീനിയര്‍ സി.പി.ഒ.മാരായ സുനില്‍കുമാര്‍ പി.വി., വിനയന്‍ സി. എന്നിവരും ഉണ്ടായിരുന്നു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.