Latest News

ഗുലാം അലി പാടി, ഗസല്‍മഴയില്‍ അലിഞ്ഞ് തലസ്ഥാനം

തിരുവനന്തപുരം:[www.malabarflash.com] പ്രണയത്തിന്‍െറയും വിരഹത്തിന്‍െറയും ഗൃഹാതുരതയുടെയും മേഘഭാവങ്ങളുമായി നിശാഗന്ധിയില്‍ ഗുലാം അലിയുടെ സംഗീതവിരുന്ന്. അതിര്‍ത്തികള്‍ക്കപ്പുറം ആത്മാവിന്‍െറ നനവും വൈകാരികതയുടെ ശ്രുതിശുദ്ധിയും നിറഞ്ഞ ഗസലുകള്‍ തലസ്ഥാനത്തിന് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍.

വെള്ളിയാഴ്ച വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു ഗസല്‍സന്ധ്യ. ആയിരങ്ങളുടെ ആരവങ്ങള്‍ക്ക് നടുവില്‍ ‘ഹം തേരേ ഷഹര്‍ മേ ആയേ ഹെ, മുസാഫിര്‍ കി തരഹ്...’, ‘റഫ്ത റഫ്ത വൊ മേരീ ഹസ്തീ കാ സാമന്‍ ഹോ ഗയി...’ തുടങ്ങിയ ഗസലുകള്‍ വിസ്മയസ്വരങ്ങളുടെ ചിറകില്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് പ്രവഹിക്കുകയായിരുന്നു. ‘ചുപ്കെ ചുപ്കെ രാത് ദിന്‍ ആര്‍സു ബഹാനാ യാദ് ഹെ’ എന്ന ഗാനം ഗുലാം അലിയും മകനും ചേര്‍ന്നാണ് ആലപിച്ചത്.
ഹാര്‍മോണിയത്തില്‍നിന്ന് ഇടംകൈയെടുത്ത് സദസ്സിലേക്ക് അദ്ദേഹം കൈവീശിയപ്പോഴൊക്കെ ആസ്വാദകര്‍ ആരവങ്ങളുയര്‍ത്തി. ശ്രുതിയില്‍നിന്ന് ശ്രദ്ധയകലാതെ ഗസല്‍ ഗായകന്‍ ഇടക്കിടെ സദസ്യരോട് സംവദിച്ചു, അഭിവാദ്യങ്ങളര്‍പ്പിച്ചു. മതത്തിനും ഭാഷക്കും ദേശത്തിനുമപ്പുറം സദസ്സിലെ ആയിരങ്ങളെ സംഗീതത്തില്‍ ഒരുമിപ്പിക്കുകയായിരുന്നു ഗുലാം അലി. 

അസഹിഷ്ണുതയുടെ അതിരുകള്‍ തീര്‍ക്കുന്നവര്‍ക്ക് മുന്നില്‍ കേരളം വ്യത്യസ്തമാണ് എന്ന തുറന്ന പ്രഖ്യാപനം കൂടിയായി അദ്ദേഹത്തിന് മുന്നില്‍ കാതോര്‍ത്ത പ്രൗഢസദസ്സ്.
സഹഗായകനായി പണ്ഡിറ്റ് വിശ്വനാഥും ഗുലാം അലിയുടെ മകന്‍ ആമിര്‍ അലിയും പിയാനിസ്റ്റ് സജ്ജാദ് ഹുസൈനുമടക്കം വേദിയിലുണ്ടായിരുന്നു. 

സ്വരലയയുടെയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൈകീട്ട് ഏഴോടെയാണ് ഗുലാം അലി വേദിയിലത്തെിയത്. സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി അദ്ദേഹത്തെ സ്വീകരിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, കവി ഒ.എന്‍.വി. കുറുപ്പ്, എം.എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, മേയര്‍ വി.കെ. പ്രശാന്ത്, പണ്ഡിറ്റ് വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സദസ്സ് ഉദ്ഘാടനം ചെയ്തത്. 

തുടര്‍ന്ന് ഗുലാം അലിക്ക് ആദരമര്‍പ്പിച്ച് എം.ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ ഫ്യൂഷന്‍ സംഗീതം ‘സലാം ഗുലാം അലി’ അരങ്ങേറി. വൈക്കം വിജയലക്ഷ്മി, അപര്‍ണ രാജീവ് എന്നിവര്‍ ഈ ചടങ്ങില്‍ ഗസല്‍ അവതരിപ്പിച്ചു. കേരളീയ വാദ്യോപകരണങ്ങള്‍ ചടങ്ങില്‍ ഉപഹാരങ്ങളായി ഗസല്‍ ഗായകന്‍ ഏറ്റുവാങ്ങി. പ്രവേശം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരുന്നെങ്കിലും വന്‍ ജനാവലിയാണ് നിശാഗന്ധിയിലേക്ക് ഒഴുകിയത്തെിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.