Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവം 19ന് തുടങ്ങും

തിരുവനന്തപുരം:[www.malabarflash.com] 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു. മന്ത്രി പി.കെ. അബ്ദുറബ് തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിന് നല്‍കിയാണ് ഷെഡ്യൂളിന്റെ പ്രകാശനം നിര്‍വഹിച്ചത്.

ജനവരി 19 മുതല്‍ 25 വരെ 19 വേദികളിലായി 232 ഇനങ്ങളിലാണ് മത്സരങ്ങള്‍. സംസ്‌കൃതോത്സവം മണക്കാട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലും അറബിക് കലോത്സവം ഗവണ്‍മെന്റ് മോഡല്‍ എസ്.എന്‍.വി എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. അറബിക് സെമിനാര്‍, സംസ്‌കൃതം സെമിനാര്‍ എന്നിവ യഥാക്രമം ജനവരി 21,22 തീയതികളില്‍ നടക്കും. ബാന്റ്‌മേളം 22,23 തീയതികളിലായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. നാടകമത്സരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.

സമാപന ദിവസം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കത്തക്ക തരത്തില്‍ ആറ് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 89 മത്സരങ്ങളും എച്ച്.എസ് സംസ്‌കൃതോത്സവത്തില്‍ 19, എച്ച്.എസ് അറബിക് കലോത്സവത്തില്‍ 19, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 മത്സരങ്ങളുമാണുള്ളത്.

രചനാ മത്സരങ്ങള്‍ എസ്.എം.വി. മോഡല്‍ എച്ച്.എസ്.എസിലായി 20,21,22,24 തീയതികളിലായി നടക്കും. കൂടാതെ നയനാര്‍ പാര്‍ക്കില്‍ എക്‌സിബിഷനും 20 മുതല്‍ 24 വരെ ഗാന്ധിപാര്‍ക്കില്‍ സാംസ്‌കാരിക സായാഹ്നവും നടത്തും. 

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ പ്രത്യേക പാനലില്‍ ഉള്‍പ്പെട്ട വിധികര്‍ത്താക്കളാണ് മത്സരം വിലയിരുത്തുന്നത്. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററായി തിരിച്ചായിരിക്കും മത്സരത്തിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. മൂന്ന് കോളുകള്‍ നല്‍കിയിട്ടും ഹാജരാകാത്ത മത്സരാര്‍ത്ഥിയെ അപ്പോള്‍ത്തന്നെ പൂര്‍ണമായും മത്സരത്തില്‍ നിന്നും ഒഴിവാക്കും. 

വിധി നിര്‍ണയത്തെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ഫലം പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനകം നിയമാനുസൃതമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപ്പീല്‍ സമര്‍പ്പിക്കാന്‍ ടീം മാനേജര്‍ക്കും മത്സരാര്‍ത്ഥിക്കും മാത്രമെ അവകാശമുള്ളൂ. 

ലോഗോ പ്രകാശനത്തില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ പാലോട് രവി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.ശിവന്‍കുട്ടി എം.എല്‍.എ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം.എസ്. ജയ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍ വി. ജോണ്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.