Latest News

കരീം വധക്കേസ്; മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്:[www.malabarflash.com] വയനാട് ജംഗിള്‍ പാര്‍ക്ക്, ഗ്രീന്‍ മാജിക് റിസോര്‍ട്ടുകളുടെ ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുള്‍ കരീം (60) വധിക്കപ്പെട്ട കേസില്‍ മൂന്ന് പ്രതി കള്‍ക്ക് ഇരട്ട ജീവപര്യന്തവും 1.2 ലക്ഷം രൂപ വീതം പിഴയും.

നേരത്തെ വിചാരണവേളയില്‍ ഒളിവില്‍ പോയ തൃശൂര്‍ മുപ്ലിയം ജോഷി ദാസ് (41), തൃശൂര്‍ നെല്ലായി പുത്തരിക്കാട്ടില്‍ സുഭാഷ് എന്ന കണ്ണന്‍ (40), തൃശൂര്‍ മതിലകം കമ്പളപ്പറമ്പില്‍ സചിന്‍ എന്ന സജി (42) എന്നിവര്‍ക്കാണ് മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തത്തിനു പുറമെ, 21 കൊല്ലവും മൂന്ന് മാസവുമാണു ശിക്ഷയെങ്കിലും തടവ് ഒന്നിച്ച് ഒറ്റത്തവണ ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി.

കൊല, കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്കാണു ജീവപര്യന്തം. പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ കരീമിന്റെ ഭാര്യ ഷെറിനും 20,000 രൂപ അക്രമത്തില്‍ പരിക്കേറ്റ കരീമിന്റെ ഡ്രൈവര്‍ ശിവനും നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നു കൊല്ലം കൂടി തടവനുഭവിക്കണമെന്നും വിധിയിലുണ്ട്.

കേസില്‍ മറ്റ് പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ റോണി തോമസ്, അനിലന്‍, സുധീര്‍ എന്നിവരെ വടകര അഡീ. ജില്ലാ ജഡ്ജി സി.കെ. സോമരാജന്‍ 2012 ഒക്ടോബര്‍ 25ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കുറ്റം ചുമത്തിയ മറ്റു പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു. കേസില്‍ മറ്റൊരു പ്രതി ഹനീഫ ഇപ്പോഴും ഒളിവിലാണ്.

2006 ഫെബ്രുവരി 11ന് രാത്രിയാണ് സംഭവം. റിസോര്‍ട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട വിരോധത്തെതുടര്‍ന്നു കരീമിന്റെ പഴയ സുഹൃത്തായ തിരുവനന്തപുരം സ്വദേശി ബാബു വര്‍ഗീസ് നിയോഗിച്ച ആറുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം വാഹനത്തില്‍ പിന്തുടര്‍ന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. വയനാട് ചുരം ഒമ്പതാം വളവില്‍ കരീമിനെയും ഡ്രൈവര്‍ പൊക്കുന്ന് ചാലീക്കര ശിവനെയും (63) ആക്രമിച്ചു തുഷാരഗിരി റോഡില്‍ ചിപ്പിലി ത്തോട് പാതയില്‍ തള്ളിയെന്നാണ് കേസ്.

കേസില്‍ പ്രധാന പ്രതിയായ ബാബു വര്‍ഗീസിന്, റിസോര്‍ട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു കരീമുമായുണ്ടായ വിരോധം കൊലപാതകത്തിനു കാരണമായെന്നാണു കേസ്. ബാബു വര്‍ഗീസ് വിചാരണയ്ക്കിടെ മരിച്ചു.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.സുഗതന്‍, അഡ്വ.ബി.വി.ദീപു എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 104 സാക്ഷികളെ വിസ്തരിച്ചു. 205 രേഖകളും 67 തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രതി ഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും ഏഴു രേഖകള്‍ ഹാജരാക്കുകയും ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.