Latest News

ഗസല്‍മഴയില്‍ അലിഞ്ഞ് കോഴിക്കോടിന്റെ സന്ധ്യ

കോഴിക്കോട്:[www.malabarflash.com] കോഴിക്കോട് നഗരത്തിന്റെ രാത്രിസത്രത്തില്‍ ഗുലാം അലി പാടി. ആര്‍ദ്ര ഗംഭീരം അലിയുടെ നാദവും ഉറുദുവും ഉരുകിച്ചേരും ഗാനലായനിയൊഴുകിയപ്പോള്‍ നഗരഹൃദയം പ്രണയവിഷാദസ്വപ്നങ്ങളില്‍ അലിഞ്ഞു. തബലയില്‍ ആയിരം ദേശാടനപക്ഷികളുടെ ചിറകടിയുടെ അകമ്പടിയില്‍ അലിയുടെ അന്തരാളത്തില്‍ നിന്നൊഴുകിയ വൈഷാദിക വൈഖരിയില്‍ മനംനിറഞ്ഞാണ് സ്വപ്നനഗരിയിലെ സ്വപ്നവേദിയില്‍ നിന്ന് സംഗീതപ്രേമകള്‍ മടങ്ങിയത്.

മതേതര കൂട്ടായ്മയാണു ചാന്ദ്‌നി രാത് ഗുലാം അലി കെ സാത്ത് സംഘടിപ്പിച്ചത്. സംഗീത സന്ധ്യ ആരംഭിച്ചത് 'ദില്‍കോ ജാദു ...' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ്. സംഗീതത്തെ സ്‌നേഹിക്കുന്ന നല്ലവരായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനം അര്‍പ്പിച്ചായിരുന്നു തുടക്കം. റോസ് കെഹത്താ, കൈസി ചലീഹേ.., ബെഹ്ജാ മേരാ കല്‍, അഹേ കോ ചാഹിയേ, ചുപ്‌കേ ചുപ്‌കേ, യേ ദില്‍ഹേ യേ പാഗല്‍, ഹംഗാമഹ ക്യാ.. തുടങ്ങിയ ഗാനങ്ങളിലൂടെ ഗുലാംഅലി കോഴിക്കോടന്‍ ഗസല്‍രാവിനെ അനശ്വരമാക്കി.

പതിറ്റാണ്ടുകള്‍ മുമ്പു കോഴിക്കോട്ടു ഗസല്‍ അവതരിപ്പിച്ച് മടങ്ങിയശേഷം വീണ്ടും എത്തിയ സംഗീത സമ്രാട്ടിന്റെ മധുര ശബ്ദത്തിന് ഓരോ ഗാനത്തിന്റെയും ഇടവേളയില്‍ ആരാധകര്‍ കരഘോഷങ്ങളാല്‍ പിന്തുണയേകി. പണ്ഡിറ്റ് വിശ്വനാഥ്, ആമിര്‍ അലി എന്നിവരും ഗാനസന്ധ്യയില്‍ പങ്കെടുത്തു.

ഗസല്‍ സന്ധ്യയ്ക്ക് മുമ്പ് ഗുലാം അലിയെ വേദിയില്‍ ആദരിച്ചു. മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, എ.പി. അനില്‍ കുമാര്‍, എം.എ. ബേബി എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഗുലാം അലിയെ ഉപഹാരം നല്‍കി ആദരിച്ചു. എം.ടി. വാസുദേവന്‍ നായര്‍ ചാന്ദ്‌നി രാത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗുലാംഅലിയുടെ പഴയകാല തബല വാദനത്തിന്റെ ഗ്രാമഫോണ്‍ റിക്കാര്‍ഡ് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഗ്രാമഫോണ്‍ ഷാജി ശേഖരിച്ച് ഗുലാംഅലിക്ക് ചടങ്ങില്‍ കൈമാറി.

ഗ്രാമഫോണ്‍ റിക്കാര്‍ഡ് മേയര്‍ വി.കെ.സി. മമ്മദ് കോയ ഗുലാം അലിയുടെ മകന്‍ ആമിര്‍ അലിക്കു സമര്‍പ്പിച്ചു. എം.കെ. രാഘവന്‍ എംപി പൊന്നാട അണിയിച്ചു. കോഴിക്കോട്ടേക്കു ഗുലാം അലിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എം.പി. അഹമ്മദ്, എംഎല്‍എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, എ.പി. അബ്ദുള്ളകുട്ടി, പി. ശ്രീരാമകൃഷ്ണന്‍, കെ.എം. ഷാജി, എ.കെ. ശശീന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍, എം.വി. ശ്രേയാംസ്‌കുമാര്‍, ബിജെപി നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഴുതടച്ച സുരക്ഷയിലാണ് ഗുലാം അലി കോഴിക്കോടിന്റെ മണ്ണില്‍ ഗസല്‍ ആലാപനം നടത്തിയത്. വേദിക്കു നൂറു മീറ്റര്‍ അകലെയായി പ്രതിഷേധിച്ച ശിവസേനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചടങ്ങ് നടക്കുമ്പോള്‍ വേദിക്ക് പുറത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. പരിപാടി നടന്ന സ്വപ്നനഗരിയില്‍ പ്രത്യേക കമാന്‍ഡോകളെയും വിന്യസിച്ചിരുന്നു.

ഗുലാംഅലിയുടെ പാട്ടിനു മുമ്പു പണ്ഡിറ്റ് വിശ്വനാഥ് പാടുമ്പോള്‍ ശബ്ദമുണ്ടാക്കാന്‍ ശ്രമം നടന്നെങ്കിലും പോലീസെത്തി ശാന്തരാക്കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.