Latest News

മുസ്‌ലിം ലീഗ് കേരള യാത്ര ജനം ഏറ്റെടുക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

ദുബൈ:[www.malabarflash.com] സംഘടനയോടുള്ള സമര്‍പ്പിത മനോഭാവമാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും അത് വ്യക്തി കേന്ദ്രീകൃതമല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് നടത്തുന്ന കേരള യാത്ര ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി അല്‍ബറാഹ ആസ്ഥാനത്ത് കേരള യാത്ര വിളംഭര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഖാഇദെ മില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി.എച്ച്, അവുക്കാദര്‍ കുട്ടി നഹ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാമേരുക്കള്‍ ഈ സംഘടനക്ക് കരുത്ത് പകര്‍ന്ന് നമ്മെ വിട്ട് പോയി. അവര്‍ നട്ടു വളര്‍ത്തിയ സംഘടന കാലഘട്ടത്തിന്റെ മതില്‍ കെട്ടായി, ന്യൂനപക്ഷത്തിന്റെ സംരക്ഷണ ഭിത്തിയായി നിലനില്‍ക്കുകയാണ്. ഈ മതില്‍ കെട്ടില്ലെങ്കില്‍ അനര്‍ത്ഥങ്ങളുണ്ടാകും. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.
ജയപരാജയങ്ങള്‍ എല്ലാത്തിലുമുണ്ട്. ലോക ചരിത്രത്തിലും ഇസ്‌ലാമിക ചരിത്രത്തിലും മുസ്‌ലിം ലീഗ് ചരിത്രത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. ശത്രുക്കള്‍ ശക്തരാണെങ്കിലും നാം പതറാതെ മുന്നോട്ട് പോകുക തന്നെ ചെയ്യും. പിന്നാക്ക സമൂഹത്തെ ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച് വിദ്യാസമ്പന്നരാക്കി മുന്നോട്ട് കൊണ്ട് പോകുകയെന്ന കാമ്പയിനാണ് കേരള യാത്ര ലക്ഷ്യമാക്കുന്നത്. 

മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ചേരി ശക്തി പ്രാപിക്കും. ആശയാദര്‍ശങ്ങള്‍ നിലനിര്‍ത്തും. നട്ടെല്ല് നിവര്‍ത്തി സമൂഹത്തിന്റെ പിന്‍ബലത്തോടെ നാടിനെ നയിക്കും. ലോകത്തിന് വിശിഷ്യാ രാഷ്ട്രത്തിന് കേരളം ഒരു മാതൃകയാണ്.
പല രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് നിരാശയിലാണ്. എന്നാല്‍ മുസ്‌ലിം ലീഗ് സമര്‍പ്പണ ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഗാരണ്ടിയുമുണ്ട്. യാത്ര അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് വരും. പ്രവര്‍ത്തകരുടെ ആവേശം സംഘടനക്ക് കരുത്തേകുമെന്ന് ഉറപ്പുണ്ട്. അവനവന്റെ മണ്ഡലത്തിലെ വിജയം ഉറപ്പാക്കണം. അതിനുള്ള ശ്രമത്തിന് ഇന്നു തന്നെ തുടക്കം കുറിക്കണം. ഇതില്‍ കെ.എം.സി.സിക്ക് ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. 

സാമൂഹ്യ ബോധമുള്ള സംഘടനയാണ് കെ.എം.സി.സി എന്ന് പലവട്ടം തെളിയിച്ചതാണ്. സമൂഹത്തോടൊപ്പം നില്‍ക്കുകയെന്നത് ഇസ്‌ലാമിക കടമയാണ്. സക്കാത്ത്, സദഖ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.എ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹീം എളേറ്റില്‍. പ്രവാസി ലീഗ് പ്രസിഡന്റ് സി.പി ബാവ ഹാജി, അഡ്വ. ഫൈസല്‍ ബാബു, ഇസ്മാഈല്‍ ഏറാമല പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
കേരള യാത്രക്ക് മുമ്പായി ദുബൈയിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയെ ദുബൈ കെ.എം.സി.സി ഭാരവാഹികളായ പി.കെ അന്‍വര്‍ നഹയും ഇബ്രാഹീം മുറിച്ചാണ്ടിയും വിവിധ ജില്ലാ കമ്മിറ്റികളും ഹാരമണിയിച്ചു.
ആലപ്പുഴ ജില്ലാ കമ്മിറ്റി കിരീടമണിയിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍ ശുക്കൂര്‍, ഇസ്മാഈല്‍ അരൂക്കുറ്റി, എം.എ മുഹമ്മദ് കുഞ്ഞി, എന്‍.കെ ഇബ്രാഹീം, ഹനീഫ് കല്‍മാട്ട, അസൈനാര്‍ തോട്ടുംഭാഗം, പി.പി സലാം, കെ.പി.സി തങ്ങള്‍, കാട്ടുമടത്തില്‍ അബൂബക്കര്‍ ഹാജി സംബന്ധിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.