Latest News

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ്; മുഖ്യകണ്ണി അറസ്റ്റില്‍

മംഗളൂരു:[www.malabarflash.com] മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കേരളത്തിലൂടനീളം വിദ്യാര്‍ഥികളെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയ സംഘത്തിലെ കണ്ണിയായ സിപിഐ പ്രാദേശിക നേതാവ് അറസ്റ്റിലായി. കാസര്‍കോട് വെള്ളരിക്കുണ്ട് കാറളം വിളയില്‍ വീട്ടില്‍ ചന്ദ്രനെയാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സിപിഐ ബളാല്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ സെക്രട്ടറിയുമാണ് അസ്റ്റിലായ ചന്ദ്രന്‍. ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഏതാനും നാള്‍ മുന്‍പ് സെക്രട്ടറി സ്ഥാനത്തു നിന്നു ചന്ദ്രനെ മാറ്റിയത്. ഈ കേസിലുള്‍പ്പെടെ നിരവധി അഡ്മിഷന്‍ തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇയാളുടെ മകന്‍ വി.സി. ഷൈജു നേരത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായപ്പോള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

കല്‍പ്പറ്റ സ്വദേശിയുടെ മകനു ബെംഗളൂരുവിലെ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 34,26,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലും തൃക്കരിപ്പൂര്‍ സ്വദേശിയുടെ മകള്‍ക്കു മെഡിക്കല്‍ സീറ്റ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലുമാണ് അറസ്റ്റ്.

മംഗളൂരു ബല്‍മട്ട, അത്താവര്‍ റോഡില്‍ റയില്‍വേ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ എജ്യൂക്കേഷനല്‍ കണ്‍സല്‍റ്റന്‍സി, എംജി റോഡ് എവി ടവറിലെ ക്യാപിറ്റല്‍ കരിയര്‍ ഗൈഡന്‍സ് എന്നീ സ്ഥാപനങ്ങളുടെ മറവില്‍ കേരളത്തിലുടനീളം തട്ടിപ്പു നടത്തിയ സംഘത്തിലെ കണ്ണികളാണ് അച്ഛനും മകനുമെന്നു പൊലീസ് സൂചിപ്പിച്ചു.


കല്‍പ്പറ്റ സ്വദേശിയുടെ മകനു സീറ്റ് വാഗ്ദാനം ചെയ്തു കബളിപ്പിച്ച കേസില്‍ ചൊവ്വാഴ്ചയാണു ചന്ദ്രനെ കോഴിക്കോട് െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുല്‍റസാഖ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് ക്രൈംബ്രാഞ്ച് സിഐ ബാബു പെരിങ്ങേത്ത് കല്‍പ്പറ്റ കോടതിയിലെത്തി തൃക്കരിപ്പൂര്‍ സ്വദേശിയെ കബളിപ്പിച്ച കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കല്‍പ്പറ്റ കോടതി ചന്ദ്രനെ 19 വരെ റിമാന്‍ഡ് ചെയ്തു.


ഇയാളുടെ മകന്‍ വി.സി. ഷൈജു നിരവധി അഡ്മിഷന്‍ തട്ടിപ്പു കേസുകളില്‍ പ്രതിയാണ്. ഒളിവില്‍ പോയ ഷൈജുവിനെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷൈജുവിനായി പൊലീസ് അന്വേഷണം തുടരുകയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.