Latest News

ഖദീജ ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ

ഉദിനൂര്‍:[www.malabarflash.com] ചികിത്സയിലായിരുന്ന സഹപാഠി കളിചിരികളുമായി തിരിച്ചുവരില്ലെന്നറിഞ്ഞ കുട്ടികള്‍ വാവിട്ട് നിലവിളിച്ച് അന്ത്യോപചാരമര്‍പ്പിച്ചു. ഒരുവര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിനി എ.ഖദീജ (11) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ സൈക്കിളില്‍നിന്നു വീണ് എല്ലൊടിഞ്ഞതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എല്ലില്‍നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച രോഗത്തിന് മുംബൈ, മംഗളൂരു എന്നിവിടങ്ങളിലെ ആസ്​പത്രികളിലാണ് ചികിത്സ നടത്തിയത്.

സ്‌കൂളിലെ വിശേഷങ്ങള്‍ അറിയിച്ചും ആഘോഷവേളകളിലും സഹപാഠികള്‍ വീട്ടിലെത്തുമായിരുന്നു. വിദേശത്തായിരുന്ന പിതാവ് പി.ഹംസ മകളുടെ അസുഖത്തെത്തുടര്‍ന്ന് ജോലി മതിയാക്കി നാട്ടിലേക്ക് വന്നു. പൂച്ചോലിലെ വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഖദീജയുടെ ചികിത്സയ്ക്കായി കുട്ടികളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സഹായം നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്മസ് കരോളിലൂടെ പിരിവെടുത്തും കുട്ടികള്‍ ഖദീജയുടെ ചികിത്സയ്ക്ക് തുക കണ്ടെത്തിയിരുന്നു.

ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ ഉദിനൂര്‍ ഹൈസ്‌കൂള്‍, യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിന് അവധി നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.