Latest News

തെലുങ്കാനയില്‍ അപകടത്തില്‍ മരിച്ചകുടുംബത്തിന്റെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കാസര്‍കോട്ടെത്തിക്കും

കാസര്‍കോട്:[www.malabarflash.com] തെലുങ്കാന സംസ്ഥാനത്തെ കര്‍ണൂല്‍ ജില്ലയിലുണ്ടായ കാറപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശികളായ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കും.

കാസര്‍കോട്് ജില്ലയിലെ കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിലെ ഉജംപാടി ഹിദായത്ത് നഗര്‍ സ്വദേശിയും തെലുങ്കാനയിലെ മെഹബൂബാ നഗര്‍ ജില്ലയില്‍പ്പെട്ട മക്താലിലെ കേരള ടെക്‌നോ ഹൈസ്‌കൂള്‍ ഉടമയുമായ പുരയിടത്തില്‍ പി.ഡി. റോബിന്‍സ്(38), പിതാവ് ദേവസ്യ(67), മാതാവ് ത്രേസ്യാക്കുട്ടി(62), റോബിന്‍സിന്റെ ഭാര്യയും കോട്ടയം ഈരാറ്റുപേട്ട അടിവാരം ഒഴുകയില്‍ ജേക്കബിന്റെ മകളുമായ ബിസിമോള്‍ (30), റോബിന്‍സ്-ബിസ്‌മോള്‍ ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകന്‍ ഐവാന്‍, ഹൈദരാബാദ് സ്വദേശിയായ ഡ്രൈവര്‍ പവന്‍(35) എന്നിവരാണു തിങ്കളാഴ്ച പുലര്‍ച്ച രണ്ടര മണിയോടെ ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍പ്പെട്ട മെച്ചാലിനടുത്ത ധോനിയിലായിരുന്നു അപകടത്തില്‍ മരിച്ചത്.

ഏകമകന്‍ ഐവാന്റെ മാമ്മോദീസയ്ക്കായാണ് ദമ്പതികള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ 16ന് പുഞ്ഞാറിലെ ദേവാലയത്തിലായിരുന്നു മാമ്മോദീസ. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഉജംപാടിയില്‍നിന്നും റോബിന്‍സിന്റെ മാതാപിതാക്കളായ ദേവസ്യയും ത്രേസ്യാക്കുട്ടിയും പൂഞ്ഞാറിലെത്തിയത്. ചടങ്ങില്‍ പങ്കെടുത്തശേഷം ഇരുവരും റോബിന്‍സിനും കുടുംബത്തിനുമൊപ്പം തെലുങ്കാനയിലേക്കു പോകുകയായിരുന്നു. താമസസ്ഥലത്ത് എത്തുന്നതിന് നാലു കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിച്ചിരിക്കെയായിരുന്നു അപകടം.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ തിങ്കളാഴ്ച മക്താലിലെ കേരള ടെക്‌നോ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ആംബുലന്‍സുകളില്‍ കാസര്‍കോട്ടേക്ക് തിരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ മൃതദേഹങ്ങള്‍ ഉജംപാടിയിലെത്തിച്ച് വൈകുന്നേരം അഞ്ചോടെ ഉജംപാടി സെന്റ് മേരീസ് ദേവാലയത്തില്‍ സംസ്‌കരിക്കും.

ബിഎഡ് പഠനശേഷം 14 വര്‍ഷമായി റോബിന്‍സ് തെലുങ്കാനയില്‍ സ്‌കൂള്‍ നടത്തിവരികയായിരുന്നു. വിവാഹശേഷം ബിസ്‌മോളും സ്‌കൂള്‍ നടത്തിയിരുന്നത്. വിദ്യാഭ്യാസ രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു റോബിന്‍സ്.

ഉള്‍ഗ്രാമങ്ങളില്‍ സാക്ഷരതാപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിവരികയായിരുന്നു. ഹൈദരാബാദിലെ മലയാളി സമാജം ഉള്‍പ്പെടെ നിരവധി സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചുവരികയായിരുന്നു. ആലക്കോട് സ്വദേശിയായ ദേവസ്യ 30 വര്‍ഷം മുമ്പ് ഉജംപാടിയിലേക്കു കുടിയേറിയതായിരുന്നു.

സഹോദരങ്ങള്‍: തോമാച്ചന്‍(അരങ്ങം), പാപ്പച്ചന്‍(തേര്‍ത്തല്ലി), ജോസ്(കോട്ടയം), ഏലിക്കുട്ടി(തേര്‍ത്തല്ലി), മറിയക്കുട്ടി, കുട്ടിയച്ചന്‍, റോസമ്മ, പരേതനായ ഔസേപ്പച്ചന്‍. തളിപ്പറമ്പ് നടുവില്‍ മണ്ഡപത്തെ പാലത്തിങ്കല്‍ കുടുംബാംഗമാണ് ഭാര്യ ത്രേസ്യ. സഹോദരങ്ങള്‍: ജോയ്(മണ്ഡപം), ഷെല്‍വന്‍, ജോസ്. രമീഷാണ് ദേവസ്യ-ത്രേസ്യാക്കുട്ടി ദമ്പതികളുടെ മറ്റൊരു മകന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.