Latest News

വിമോചന യാത്ര ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍: കുമ്മനം

കാസര്‍കോട്:[www.malabarflash.com] ഇടത് വലത് മുന്നണികള്‍ ജനങ്ങളോട് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ബിജെപി യാത്ര നടത്തുന്നത് കൊണ്ട് തന്നെ വിമോചന യാത്ര മറ്റ് യാത്രകളില്‍ നിന്ന് വ്യത്യസ്തമാകുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നാളിതുവരെ കേരളം മാറിമാറി ഭരിച്ച ഇവര്‍ ദു:ഖങ്ങളുടെയും, നഷ്ടങ്ങളുടെയും, കഷ്ടപ്പാടുകളും മാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. അങ്ങനെയുള്ളവര്‍ക്ക് എന്താണ് വീണ്ടും പറയാനുള്ളത്. മനുഷ്യനും പ്രകൃതിയിലെ സകല ജീവജാലങ്ങളും ഇന്ന് നേട്ടോട്ടം ഓടുകയാണ്. ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം സമസ്ത മേഖലകളെയും തകര്‍ച്ചയിലാഴ്ത്തിയിരിക്കുകയാണ് ഇടത് വലത് മുന്നണികള്‍. ഇതില്‍ നിന്ന് കേരളത്തിന് ഒരുമാറ്റം ഉണ്ടാകണം. ഈ നാട് പുരോഗതി പ്രാപിക്കണം എല്ലാ മേഖലകളിലും സ്വാശ്രയത്വം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വിമോചന യാത്ര.

ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളാണ് പറയേണ്ടത്. പകരം പരസ്പരം പഴിചാരി അടിസ്ഥാന പ്രശനങ്ങളില്‍ നിന്ന് മാറി നിഷേധാത്മക രാഷ്ട്രീയമാണ് ഇരുമുന്നണികളും തുടരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഭാവനാത്മക രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നത്. അതിനാല്‍ ഇത് ഭാവനാത്മക രാഷ്ട്രീയത്തിന്റെ ജനകീയ യാത്രയാണ്. ഇരുമുന്നണികളും തിടരുന്ന തേജോവധ രാഷ്ട്രീയത്തില്‍ നിന്ന് മാറി സംശുദ്ധ പ്രവര്‍ത്തന ശൈലിയിലൂടെ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കുകയാണ് ബിജെപി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുകൊണ്ടാണ് കേരളം ഭരിച്ചവര്‍ തയ്യാറാകാത്തതെന്ന് അവര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു.

രണ്ടാം ഭൂപരിഷ്‌കരണ നിയമത്തിന് സമയമായതായി കുമ്മനം പറഞ്ഞു. ഒന്നാം ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ട് കഴിഞ്ഞു. എന്നിട്ടും എന്ത് കൊണ്ട് യുഡിഎഫും, എല്‍ഡിഎഫും രണ്ടാം ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് പറയുന്നില്ല. രാഷ്ട്രീയ രംഗത്ത് ഒരു പൊളിച്ചെഴുത്തിന് സമയമായിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഇന്ന് വലിയ ദുരന്തത്തിന്റെ വക്കിലാണ്. മാരകമായ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ് ഇന്ന് ഭൂരിഭാഗം ആളുകളും. അതിന് പ്രധാന കാരണം കേരളം ഭരിച്ചവര്‍ പിന്തുടര്‍ന്ന വികലമായ ഭക്ഷ്യ നയമാണ്. പാടശേഖരങ്ങള്‍ ഇല്ലാതാക്കിയും ഉള്ളത് തരിശിട്ടും വിലപിച്ച് നടന്നിട്ട് എന്ത് കാര്യം. കാര്‍ഷിക സംസ്‌കാരത്തിലധിഷ്ടിതമായിരുന്നു കേരളം പക്ഷെ ഇന്ന് സംസ്ഥാനത്ത് കൃഷിയെവിടെ.

അഭ്യസ്ത വിദ്യരായവര്‍ ഇന്ന് തൊഴില്‍ തേടി പുറത്തേക്ക് പോകുകയാണ്. എത്രയോ ഫാക്ടറികള്‍ പൂട്ടി. എല്ലാ രംഗവും തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് എത്തിച്ചതില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഇടത് വലത് മുന്നണി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാത്രം പോരാ അത് തെളിയിപ്പിക്കാന്‍ കഴിയണം. ശ്വാശികാനന്ദ മരിക്കുന്ന സമയത്ത് മുഴുവന്‍ അന്വേഷണ വിഭാഗങ്ങളും വിഎസിന്റെ കയ്യിലുണ്ടായിരുന്നു. അന്ന് മരണത്തെ കുറിച്ച് അന്വേഷണം നടത്താതെ ഇപ്പോള്‍ വിവാദങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് വെള്ളാപ്പള്ളിയുടെ വളര്‍ച്ചയിലുള്ള ഭയം കൊണ്ടാണ്. 

എല്‍ഡിഎഫും, യുഡിഎഫും ചേര്‍ന്ന് ബിജെപിക്കെതിരായി അവിശുദ്ധമായ ഒരു രാഷ്ട്രീയ ധ്രുവീകരണമാണ് സംസ്ഥാനത്ത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ ശാന്തിയും സമാധാനവുമുണ്ടാകണം. പക്ഷെ പലരും ഇന്ന് ശ്രമിക്കുന്നത് സമാധാനമുണ്ടാക്കാതിരിക്കാനാണ്. അത് മാറി സമഗ്രമായ വികാസവും, പുരോഗതിയും, വളര്‍ച്ചയും സംസ്ഥാനത്ത് ഉണ്ടാക്കാനാണ് ഈ യാത്രയെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 11, 12, 13 തീയ്യതികളിലായി യാത്രയിലൂടെ ക്രേഡീകരിക്കുന്ന കേരളത്തിന്റെ സുസ്ഥിരമായ വികസനത്തിന് ഉതകുന്ന കാര്യങ്ങള്‍ അതാത് മേഖലകളിലുള്ള വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഒരു വിഷന്‍ രുപീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഒരു മാനിഫെസ്റ്റോ പുറത്തിറക്കുമെന്ന് കുമ്മനം പറഞ്ഞു. 

കാസര്‍കോട് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് പ്രസില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സെക്രട്ടറി കെ.സജ്ജീവന്‍, വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.