Latest News

നവവധുവിന്റെ ആത്മഹത്യ ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] നവവധു കുമ്പള ബട്ടറംപാടിയിലെ നാരായണന്റെ മകള്‍ വീണ(32) ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭര്‍ത്താവ് രാവണീശ്വരം കളരിക്കാലിലെ സുരേഷി(36)നെ കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായ്ക്കും സംഘവും അറസ്റ്റ് ചെയ്തു.

ജനുവരി 18 ന് തിങ്കളാഴ്ച ഉച്ചയോടെയാണ് വീണയെ സുരേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഒന്നരമാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. കല്ലുവെട്ട് തൊഴിലാളിയായ സുരേഷ് വിവാഹ ശേഷം യുവതിയെ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വരികയായിരുന്നു യുവാവ്. വീണയുടെ ശരീരത്തില്‍ നിരവധി സ്ഥലങ്ങളില്‍ സുരേഷിന്റെ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകുന്നില്ലെന്നും തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് വീണ സഹോദരന്‍ നവീനെ മൊബൈല്‍ ഫോണില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 18ന് തിങ്കളാഴ്ച നവീനും സുഹൃത്തും സുരേഷിന്റെ വീട്ടില്‍ എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. അപ്പോള്‍ തന്നെ നവീന്‍ സുരേഷിനെ മൊബൈല്‍ ഫോണില്‍ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. സുരേഷ് എത്തി അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് വീണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ സുരേഷിന്റെ പീഡനം തെളിഞ്ഞതിനെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. സുരേഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.