Latest News

ചന്ദ്രബോസ് വധം: പ്രതി നിസാം കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച

തൃശൂര്‍:[www.malabarflash.com] സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീറാണ് പ്രതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.

കേസില്‍ നിസാം മാത്രമാണ് പ്രതിപട്ടികയില്‍ ഉള്ളത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം ഉള്‍പ്പടെ ഒന്‍പത് കേസുകളാണ് പ്രതിക്കെതിരേ തെളിഞ്ഞിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ വിധി സമൂഹത്തിനു മാതൃകയാകണമെന്നും നിസാം സമൂഹത്തിനു ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരവും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ താന്‍ കൂട്ടുകുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും നിസാം കോടതിയോട് അപേക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതു പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

വി.എസ്.സുനില്‍ കുമാര്‍ എംഎല്‍എ, സിനിമാ-സീരിയല്‍ താരം ജയരാജ് വാര്യര്‍ തുടങ്ങിയ പ്രമുഖരും ചന്ദ്രബോസിന്റെയും പ്രതി നിസാമിന്റെയും അടുത്ത ബന്ധുക്കളും കോടതി വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. ശിക്ഷ വിധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോടതിയിലും പരിസരങ്ങളിലും പോലീസ് ഒരുക്കിയിരുന്നത്.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ഹമ്മര്‍ ജീപ്പുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സിഐ പി.സി. ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്.

നേരത്തെ കേസില്‍ ജാമ്യപേക്ഷ തള്ളിയ സുപ്രീം കോടതി ജനുവരി 31നകം വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് വിചാരണ തടസപ്പെടുത്താനും, വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ശ്രമവുമുണ്ടായെങ്കിലും ഹൈക്കോടതിയും, സുപ്രീം കോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു. 79 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കഴിഞ്ഞ 12നു വാദം പൂര്‍ത്തിയായി. ചന്ദ്രബോസിന്റെ ഒന്നാം ചരമവാര്‍ഷികത്തിനു മുന്‍പ് കേസിലെ പ്രതിക്ക് ശിക്ഷ ലഭിക്കുമെന്നതും സവിശേഷതയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.