Latest News

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി:[www.malabarflash.com] മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയ്ക്ക് ശനിയാഴ്ച ടെസ്റ്റ് റണ്‍. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്. യാര്‍ഡിനകത്ത് പ്രത്യേകം സ്റ്റേജൊരുക്കിയായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ തള്ളിക്കയറിയതിനാല്‍ ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും. തുടര്‍ച്ചയായ ട്രയലുകള്‍ക്ക് ഒടുവില്‍ പൂര്‍ണമായും സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ യാത്രാ സര്‍വീസിന് അനുമതി ലഭിക്കൂ.

ഈ മാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കി.

ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ അനൂപ് ജേക്കബ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പ്രത്യേക പ്രഭാഷണം നടത്തി.

എം.പി.മാരായ കെ.വി. തോമസ്, ഇന്നസെന്റ്, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്. ശര്‍മ, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ മങ്കു സിങ്, മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.