Latest News

പഠാന്‍കോട്ട് ഭീകരാക്രമണം: മലയാളി സൈനികന്‍ മരിച്ചു

പഞ്ചാബ്:[www.malabarflash.com] പഞ്ചാബിലെ പഠാന്‍കോട്ടില്‍ ശനിയാഴ്ച ഭീകരാക്രണം നടന്ന വ്യോമസേനാ താവളത്തില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ മരിക്കുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്‍.എസ്.ജിയില്‍ ലഫ്.കേണലായ പാലക്കാട് സ്വദേശി നിരഞ്ജന്‍ കുമാറാണ് (32) മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിക്കല്‍ ശിവരാജന്റെ മകനാണ് നിരഞ്ജന്‍.

വര്‍ഷങ്ങളായി ബെംഗ്ലരൂവിലാണ് നിരഞ്ജന്റെ കുടുംബം. പിതാവിന്റെ സഹോദരങ്ങളാണ് ഇപ്പോള്‍ പാലക്കാടുള്ളത്.

തീവ്രവാദ ആക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ കണ്ടെടുത്ത ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

നിരഞ്ജന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം പാലക്കാട്ടെത്തിക്കും.സംസ്‌ക്കാരം തിങ്കളാഴ്ച പാലക്കാട്ടെ കുടുംബ വീട്ടുവളപ്പില്‍ നടത്തും.

പുലാമന്തോള്‍ പാലൂര്‍ സ്വദേശി ഡോ. രാധികയാണ് ഭാര്യ. വിസ്മയ (രണ്ട് വയസ്) മകളാണ്.

പഠാന്‍കോട്ടില്‍ ആക്രമണം നടന്നയിടത്ത് പരിശോധന നടത്തിയ സൈനികര്‍ ജി.പി.എസ് ഉപകരണങ്ങളും ആധുനിക തോക്കുകളും കണ്ടെത്തിയിരുന്നു.

വ്യോമസേനാ താവളത്തിനുള്ളില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക്‌ സൈനികര്‍ പരിശോധന നടത്തുന്നതിനിടെ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് പരിശോധന തുടരുകയാണ്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.