Latest News

രോഗികള്‍ക്ക് കാഴ്ചശക്തി നഷ്ടമായി; അന്താരാഷ്ട്ര കമ്പനിയുടെ മരുന്നിന് നിരോധനം

തെലങ്കാന:[www.malabarflash.com]രോഗികള്‍ക്ക് ഭാഗീകമായി കാഴ്ചശക്തി പോകുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര കമ്പനിയുടെ മരുന്നിന് രണ്ടു സംസ്ഥാനങ്ങളില്‍ നിരോധനം. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോഷെ കമ്പനിയുടെ അവാസ്റ്റിന്‍ എന്ന മരുന്ന് ഗുജറാത്തിലും തെലങ്കാനയിലുമാണ് നിരോധിച്ചിരിക്കുന്നത്. പരിശോധനയ്ക്കായി രാജ്യമെമ്പാടുമുള്ള സാംപിളുകള്‍ ശേഖരിക്കുവാനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുജറാത്തില്‍ അവാസ്റ്റിന്‍ ഉപയോഗിച്ച 15 രോഗികള്‍ക്ക് ഭാഗീകമായി കാഴ്ചശക്തി നഷ്ടമായി. തുടര്‍ന്ന് 20 ദിവസത്തേക്ക് മരുന്നിന്റെ വില്‍പന നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനം തീരുമാനിച്ചു. പിന്നാലെ തെലങ്കാനയും അവാസ്റ്റിന്‍ നിരോധിച്ചു.

വളരെ അപകടകരമായ അവസ്ഥയാണിതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ, ജി.എന്‍ സിങ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ രാജ്യത്തെ എല്ലാ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ സാംപിളുകളുടെ പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും. മരുന്നിന്റെ ഉത്പാദനത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്നറിയാന്‍ നിര്‍മാണശാലകളിലും പരിശോധന നടത്തും, അദ്ദേഹം വ്യക്തമാക്കി.

ഈയൊരു സാഹചര്യത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് റോഷെ കമ്പനിയുടെ വക്താവ് പ്രതികരിച്ചു. അധികൃതരുടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. സ്ഥാപനത്തിനുള്ളില്‍ ഇതുപരിശോധിക്കാനുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അവാസ്റ്റിന്‍ ആന്തരിക ഉപയോഗത്തിനായി തയാറാക്കിയ ഒന്നല്ല. നിര്‍ദേശിച്ച രീതിയിലാണോ മരുന്ന് ഉപയോഗിച്ചിരിക്കുന്നതെന്നും പരിശോധിക്കേണ്ടതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
കാഴ്ച ശക്തിക്കുറവ് പരിഹരിക്കാനാണ് പല സ്ഥലങ്ങളിലും അവാസ്റ്റിന്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈയൊരു ഉപയോഗത്തിന് അനുവാദം നല്‍കിയിട്ടുമില്ല.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.