Latest News

സ്വാമി സുധീന്ദ്രതീര്‍ത്ഥ സമാധിയായി

ഹരിദ്വാര്‍:[www.malabarflash.com] ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ (91) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ഹരിദ്വാറിലായിരുന്നു അന്ത്യം.

അസുഖബാധിതനായ അദ്ദേഹം മുംബൈ അന്ധേരിയില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് കൊണ്ടുപോയത്. മുംബൈയില്‍ നിന്ന് എയര്‍ആംബുലന്‍സിലായിരുന്നു യാത്ര.

സ്വാമിജിയുടെ അസുഖം മൂര്‍ച്ഛിച്ച വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി സംയമീന്ദ്രതീര്‍ത്ഥ കഴിഞ്ഞ ദിവസം കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി മുംബൈയിലേക്ക് മടങ്ങിയിരുന്നു.അവിടെസ്വാമിയെ കണ്ടശേഷം അദ്ദേഹം ഹരിദ്വാറിലേക്ക് യാത്ര തിരിച്ചു.

വാര്‍ദ്ധക്യരോഗങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ സെവന്‍ഹില്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാശിമഠത്തിലെ ഗുരുപരമ്പരയിലെ ഇരുപതാമത്തെ പീഠാധിപതിയായിരുന്നു. 1926 ല്‍ എറണാകുളത്താണ് സുധീന്ദ്രതീര്‍ത്ഥ ജനിച്ചത്. സദാശിവ ഷേണായി എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ സദാശിവ ഷേണായി ശ്രീമദ് സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ആധ്യാത്മിക രംഗത്തേക്കു വരുന്നത്.

1944 മെയ് 24 ന് സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികളില്‍ നിന്നും മുല്‍ക്കി ശ്രീ വെങ്കടരമണ ക്ഷേത്രത്തില്‍ നിന്നും ദീക്ഷ സ്വീകരിച്ച സുധീന്ദ്രതീര്‍ത്ഥ പിന്നീട് ഗുരുവിന്റെ പ്രഥമശിഷ്യനായി മാറി. 1949 ജൂലായ് 10 ന് ഗുരുസ്വാമികളായ സുകൃതീന്ദ്ര തീര്‍ത്ഥസ്വാമിയുടെ വിയോഗത്തെത്തുടര്‍ന്ന് മഠത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയായിരുന്നു. 1955 ല്‍ ഗുരുപീഠത്തിന്റെ അത്യുന്നത ശ്രേണിയിലെത്തി വൈഷ്ണവ പരമ്പരയുടെ ധര്‍മഗുരുവായി സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ അവരോധിക്കപ്പെട്ടു.

വേദങ്ങള്‍, പുരാണങ്ങള്‍, ധര്‍മ്മശാസ്ത്രം എന്നിവയില്‍ പാണ്ഡിത്യം നേടിയിട്ടുള്ള സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ സംസ്‌കൃതത്തിനു പുറമേ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളും സ്വായത്തമാക്കിയിരുന്നു. ഗുരുപരമ്പരാസ്തവനം, ശ്രീ ബാദരായണ സുപ്രഭാതം, ശ്രീ ബാദരായണ സ്തുതി, ശ്രീബാദരായണ മംഗലശാസനം, ശ്രീബാദരായണ പ്രപത്തി എന്നീ അഞ്ചു സ്‌ത്രോത്രങ്ങള്‍ രചിച്ചിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.