Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം:[www.malabarflash.com] മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ 3.50 നായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റന്‍ ഇന്‍ ചീഫ് ആയിരുന്നു. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകനായിരുന്ന ഗോപകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സിയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ടി.എന്‍.ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍, കണ്ണകി തുടങ്ങിയവയാണ് കൃതികള്‍.

'ജീവന്‍ മശായ്' എന്ന ചിത്രവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വേരുകള്‍' എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അര്‍ബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുന്‍പില്‍ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ ഹെതര്‍ ഗോപകുമാര്‍, മക്കള്‍: കാവേരി, ഗായത്രി

മൃതദേഹം ഉച്ചയ്ക്കുശേഷം തിരുവനന്തപുരം പ്രസ് ക്ലബിലും ഏഷ്യനെറ്റ് ന്യൂസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.