Latest News

കെ.എസ്.ആര്‍.ടി.സിയില്‍ മോഷണം പെരുകുന്നു. പൂജയല്ല പോലീസാണ് വേണ്ടതെന്ന് ജിവനക്കാര്‍

കാസര്‍കോട്:[www.malabarflash.com] മരിച്ച് പ്രേതങ്ങളായവരുടെ നിരന്തര ഉപദ്രവത്താല്‍ വരുന്ന നിരന്തര അപകടങ്ങള്‍ക്ക് “അടക്കം” കൊടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡിപ്പോയില്‍ പുജ ഒരുക്കിയത് കഴിഞ്ഞ ഒക്‌റ്റോബര്‍ 22നായിരുന്നു. അപകടം കുറയുന്നില്ലെന്നു മാത്രമല്ല, ഡിപ്പോയ്ക്കകവും പുറവും മോഷണശല്യം വര്‍ദ്ധിച്ചു വരികയാണ്. യാത്രക്കാരുടെ പരിദേവനങ്ങള്‍ പോട്ടെ, ജീവനക്കാര്‍ക്കും രക്ഷയില്ലാതായിരിക്കുന്നു.

കഴിഞ്ഞ ആഴ്ചയായണ് പയ്യന്നുര്‍ ഡിപ്പോയിലെ കണ്ടക്റ്ററായ പി. ഉപേന്ദ്രന്റെ ബാഗും ഉരുപ്പടികളും കാസര്‍കോട് ഡിപ്പോക്കകത്തു നിന്നും നഷ്ടപ്പെടുന്നത്. പരാതിയും പരിവട്ടവുമൊക്കെയായി അതു പോട്ടെ എന്നു സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു കുടുന്നതിനിടയിലാണ് മിനിഞ്ഞാന്ന് 8ാം തിയ്യതി വീണ്ടും ടിക്കറ്റ് റാക്ക് അടക്കമുള്ള ഉരുപ്പടികള്‍ നഷ്ടപ്പെടുന്നത്. ആയിരക്കണക്കിനു രുപായുടെ ടിക്കറ്റുകള്‍ അടങ്ങിയ റാക്ക് നഷ്ടപ്പെട്ടതോടെ കണ്ടക്റ്ററായ ചന്ദ്രന്‍ പരാതിയുമായി പോലീസിലെത്തി.

ബാഗ് കവര്‍ന്നെടുക്കുന്ന ഏതോ അജ്ഞാത സംഘമോ ഏതാനും പേരോ സ്റ്റാന്‍ഡിനു ചുറ്റിലും തമ്പടിച്ചിരിക്കുന്നതായും പോലീസിനു പോലും അവരെ പിടികുടാനോ നിരീക്ഷിക്കാനോ സാധിക്കാതെ വരുന്നുവെന്നത് ബോദ്ധ്യമാകുന്നത് അപ്പോഴാണ്. മോഷണ പരമ്പര ഡിപ്പോയ്ക്കുള്ളില്‍ ചര്‍ച്ചയാവുകയും കണ്ടക്റ്റര്‍മാര്‍ നിരന്തര നിരീക്ഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനിടയില്‍ എല്ലാവരുടേയും കണ്ണുവെട്ടിച്ചു കൊണ്ട് അജ്ഞാത മോഷ്ടാവ് ചൊവ്വാഴ്ച വീണ്ടും കൂളായി വന്ന് തന്റെ കൃത്യം നിര്‍വ്വഹിച്ച് തിരിച്ചു പോയി. മുമ്പൊക്കെ പയ്യന്നുര്‍ ഡിപ്പോയിലെ കണ്ടക്റ്റര്‍മാരുടെ ബാഗും ഉരുപ്പടികളോടുമായിരുന്നു മോഷ്ടാവിനു പ്രിയ്യമെങ്കില്‍ ചൊവ്വാഴ്ച കാസര്‍കോട് ഡിപ്പോയിലെ വനിതാ കണ്ടക്റ്റര്‍ രശ്മിയുടെ 65,000ത്തില്‍ പരം രുപ ടിക്കറ്റിനത്തില്‍ മുല്യമുള്ള ബാഗും റാക്കും ചോറ്റുപാത്രം അടക്കമാണ് കളവു പോയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ഭയം മാറി എങ്ങനെ ജോലി ചെയ്യാനൊക്കും എന്ന് ജിവനക്കാര്‍ സ്വയം ചോദിക്കുകയാണ്. പോലീസ് കൈമലര്‍ത്തുന്നു.

ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഒരു തവണ ആവാഹിച്ചെടുത്ത പ്രേതത്തിനേക്കാള്‍ തീവ്ര ശക്തിയുള്ള, പോലീസിനു പോലും പിടി കൊടുക്കാത്ത അജ്ഞതാ മോഷ്ടാവ് യാത്രക്കാരിലും ഭീതി പടര്‍ത്തിയിരിക്കുകയാണ്. പലരും പേര്‍സും ബാഗും മറ്റും നഷ്ടപ്പെട്ട കാര്യം പുറത്തു പറയാതെ മനസില്‍ വെച്ചിരുന്നവര്‍ ഇപ്പോള്‍ പരസ്യമാക്കിത്തുടങ്ങി. ഇരു കൈകളും പൊക്കിപിടിച്ച് നിന്നു യാത്ര ചെയ്ത ഒരാളുടെ പോക്കറ്റില്‍ എന്തോ പൊങ്ങി നില്‍ക്കുന്നത് അകത്തോട്ട് തട്ടിയിട്ട് സഹായിക്കാന്‍ ശ്രമിച്ച സഹയാത്രികന്‍ അടുത്ത സ്റ്റോപില്‍ ഇറങ്ങി. പിന്നീടാണ് മനസിലാകുന്നത് പേര്‍സ് കാണാനില്ല. റെയില്‍വ്വേ റിസര്‍വേഷന്‍ ടിക്കറ്റ് വരെ അടിച്ചു മാറ്റി യാത്ര വഴിയില്‍ മുടങ്ങിയതടക്കമുള്ള സങ്കടം പറയാനുണ്ട് യാത്രക്കാര്‍ക്ക്. വീട്ടിലിരുന്നു കഴിക്കാമെന്നു കരുതി സീറ്റിനു അടിയില്‍ വെച്ച് കടത്തിക്കൊണ്ടു വന്ന മദ്യക്കുപ്പികള്‍ കാസര്‍കോട് സ്റ്റാന്‍ഡു വരെ ഭദ്രമായിരുന്നു. പിന്നെ കാണാതായ വിവരം ഉദുമയിലെ ഒരു വൃദ്ധന്‍ വിവരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്.

ആവശ്യത്തിനു നിരീക്ഷണ ക്യാമറകളും മററു സംവിധാനങ്ങളും ഇല്ലാത്തതും നാമാത്രമായ സെക്യുരിറ്റി സംവിധാനവുമാണ് കളവു കുടാന്‍ കാരണമാകുന്നതെന്ന് യുണിയന്‍ നേതാവ് മോഹനന്‍ പാടി പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെ സര്‍വ്വീസ് നടത്തുന്ന ഡിപ്പോയില്‍ നാലു സെക്യുരിറ്റി ജീവനക്കാര്‍ മാത്രമാണുള്ളത്. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്താന്‍ വരെ ചുമതലയുള്ള ഇവിടെ ഒരു സെക്യുരിറ്റി ജിവനക്കാരന്‍ മാത്രമാണ് നൈറ്റ്ഡ്യുട്ടിയില്‍. നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായി ഡിപ്പോയില്‍ പോലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചുവെങ്കിലും ഇതേവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മതിയായ പോലീസില്ലാത്തതാണ് കാരണമായി പറയുന്നത്.

ഇനി ഒരിക്കല്‍ കുടി പുജ നടത്തുകയല്ല, കള്ളനെ പിടിക്കുന്ന പോലീസിനെ വിന്യസിക്കുകയാണ് വേണ്ടതെന്ന് മുതല്‍ നഷ്ടപ്പെട്ട് പരിതപിച്ചു കഴിയുന്ന യാത്രക്കാരും ജീവനക്കാരും കരുതുന്നു.
പ്രതിഭാരാജന്‍

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.