Latest News

കണ്ണൂരില്‍ ആദ്യവിമാനം ബംഗളൂരുവില്‍നിന്ന്

മട്ടന്നൂര്‍:[www.malabarflash.com] ബംഗളൂരുവില്‍നിന്നു പുറപ്പെടുന്ന വിമാനമായിരിക്കും പരീക്ഷണപ്പറക്കലിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുക. പ്രതിരോധവകുപ്പിന്റെ ചെറുവിമാനമാണു പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്.

29ന് രാവിലെ 9.20നു പദ്ധതിപ്രദേശത്ത് ഇറക്കുന്ന വിധത്തിലായിരിക്കും ചെറുവിമാനം ബംഗളൂരുവില്‍നിന്നു പുറപ്പെടുക. വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യവിമാനത്തെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പിലെത്തും. ഒരു മണിക്കൂര്‍കൊണ്ട് പരീക്ഷണപ്പറക്കല്‍ ചടങ്ങ് പൂര്‍ത്തിയാക്കി വിമാനം ബംഗളൂരൂവിലേക്കു തിരിക്കും. പൈലറ്റ് മാത്രമായിരിക്കും ഈ വിമാനത്തില്‍ ഉണ്ടാകുക.

പരീക്ഷണപ്പറക്കല്‍ ചടങ്ങ് ആഘോഷമാക്കുന്നതിനു സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും നേരത്തേതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.ആദ്യവിമാനം ഇറങ്ങാന്‍ ഇനി ഏഴു ദിവസം മാത്രം ബാക്കിനില്‍ക്കെ നിര്‍മാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഇന്ധനസംഭരണ കേന്ദ്രത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഭാരത് പെട്രോളിയം കോര്‍പറേഷനും(ബിപിസിഎല്‍) കിയാലും ചേര്‍ന്നു രൂപവത്കരിച്ച കമ്പനിയുടെ നേതൃത്വത്തിലാണ് 28,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഇന്ധനപ്പാടം നിര്‍മിക്കുന്നത്.

ബിപിസിഎല്‍-കിയാല്‍ ഫ്യൂവല്‍ ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വര്‍ കമ്പനിയാണ് ഇന്ധനപ്പാടം നടത്തുന്നത്. രണ്ട് ഭൂഗര്‍ഭ ടാങ്കുകളിലും രണ്ട് ഉപരിതല ടാങ്കുകളിലുമായി 990 കിലോ ലിറ്റര്‍ ഇന്ധനസംഭരണ ശേഷിയുള്ള സംഭരണകേന്ദ്രമാണു നിര്‍മിക്കുന്നത്. 17 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇന്ധനപ്പാടം ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാന്‍ കഴിയും. ആവശ്യമായി വന്നാല്‍ പിന്നീട് ഇന്ധന സംഭരണശേഷി വര്‍ധിപ്പിക്കും. വിമാനത്താവള പദ്ധതിയില്‍ ബിപിസിഎല്‍ 170 കോടി രൂപയുടെ ഓഹരിനിക്ഷേപം നടത്തിയിട്ടുണ്ട്. 46.80 കോടിയുടെ അധിക നിക്ഷേപം കൂടി നടത്താന്‍ ധാരണയായിട്ടുണ്ട്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.