Latest News

വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ വീടു കൊള്ളയടിച്ചു; 28 പവനും പണവും കവര്‍ന്നു

പരിയാരം:[www.malabarflash.com] ദേശീയപാതയില്‍ വിളയാങ്കോട് ശിവക്ഷേത്രത്തിനു സമീപം വീടു കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണാഭരണവും 54,000 രൂപയും കവര്‍ന്നു. വിളയാങ്കോട്ടെ നിഹാല്‍ ട്രേഡേഴ്‌സ് ഉടമ നിഥിന്‍ നിവാസില്‍ കെ.വി. തമ്പാന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.

ഞായറാഴ്ച രാവിലെ ആറിനു വീടിനു തൊട്ടടുത്തുള്ള ചുമടുതാങ്ങി മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ തമ്പാനും ഭാര്യ അനിതയും പോയ സമയത്താണു കവര്‍ച്ച. ആറിനും ഏഴരയ്ക്കും ഇടയിലാണു കവര്‍ച്ച നടന്നതെന്നാണു പോലീസ് നിഗമനം. വീടിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ട് ഇരുമ്പ്പാര ഉപയോഗിച്ചു തകര്‍ത്തശേഷം അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നു കിടപ്പു മുറികളിലെയും അലമാരകള്‍ തകര്‍ത്തു. അലമാരകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ആറു വളകള്‍, രണ്ടു ബ്രേസ്‌ലറ്റ്, ഒരു കരിമണിമാല, നൂറിലേറെ ചെറുമോതിരങ്ങള്‍, അഞ്ച് കമ്മല്‍, മൂന്നു വലിയ മോതിരങ്ങള്‍ എന്നിവയും 54,000 രൂപയും കവര്‍ന്നു. ഇതു കൂടാതെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കാര്‍ഡും മോഷ്ടിച്ചു. 

തൊട്ടടുത്ത മുറിയിലെ അലമാരയുടെ ഗ്ലാസ് തകര്‍ത്തുവെങ്കിലും മോഷണം നടത്താനായില്ല. ഈ അലമാരയില്‍ പത്തു പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. 

അനിതയുടെ സഹോദരന്‍ അജിത്തിന്റെ മകള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണു വാതില്‍ തുറന്ന നിലയില്‍ കണ്ടത്. വിവരമറിയിച്ചതു പ്രകാരം ദമ്പതികള്‍ ഉത്സവസ്ഥലത്തുനിന്നു തിരിച്ചെത്തി വീടു പരിശോധിച്ചപ്പോഴാണു മോഷണ വിവരം അറിയുന്നത്. മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ചു യാത്രാമധ്യേ മോഷ്ടാക്കള്‍ തളിപ്പറമ്പ് ടൗണിലെ എടിഎം കൗണ്ടറില്‍നിന്ന് 5,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാവിലെ 7.22നാണ് പണം പിന്‍വലിച്ചതെന്നു പോലീസ് അന്വേഷണത്തില്‍ മനസിലായി.

വിളയാങ്കോട് ബസ്‌സ്റ്റോപ്പിനു സമീപത്തെ കടന്നപ്പള്ളി തെക്കേക്കര സ്വദേശി പി.വി. രാജേഷിന്റെ പിവി സ്റ്റോര്‍ എന്ന പലചരക്കു കടയിലും കവര്‍ച്ച നടന്നു. ഇവിടെ രാവിലെ അഞ്ചരയോടെയാണു കവര്‍ച്ച നടന്നതെന്നു കരുതുന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണു കവര്‍ച്ച. 6,000 രൂപയുടെ സിഗരറ്റുകളും രണ്ടു കുപ്പി ഹോര്‍ലിക്‌സും വിവിധ കമ്പനികളുടെ സോപ്പുകളും മോഷ്ടിച്ചു. രാവിലെ പത്രം വായിക്കാനെത്തിയവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രാജേഷ് കടയിലെത്തി പരിശോധിച്ചപ്പോഴാണു കവര്‍ച്ച നടന്ന വിവരമറിയുന്നത്. 

രണ്ടിടങ്ങളിലും കവര്‍ച്ചനടത്തിയത് ഒരേ സംഘമാണെന്നു സംശയിക്കുന്നു. കവര്‍ച്ചക്കാര്‍ എത്തിയതു വെള്ള സ്വിഫ്റ്റ് കാറിലാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

വിവരമറിഞ്ഞു ജില്ലാ പോലീസ് മേധാവി പി. ഹരിശങ്കര്‍, തളിപ്പറമ്പ് ഡിവൈഎസ്പി എ. സുരേന്ദ്രന്‍, സിഐ കെ. വിനോദ്കുമാര്‍, പരിയാരം എസ്‌ഐ കെ.എന്‍. മനോജ് എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍നിന്നും ഡോഗ്‌സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വീടുംപരിസരവും പരിശോധിച്ചു.

മോഷ്ടാക്കള്‍ കാര്‍ നിര്‍ത്തിയ സ്ഥലത്തേക്കാണു പോലീസ് നായ ഓടിയെത്തിയത്. തളിപ്പറമ്പ് സിഐ കെ. വിനോദ്കുമാറിനാണ് അന്വേഷണച്ചുമത.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.