Latest News

മുംബൈ മേക്ക് ഇന്‍ ഇന്ത്യ വീക്ക് വേദിയില്‍ വന്‍തീപ്പിടുത്തം

മുംബൈ:[www.malabarflash.com] മുംബൈയില്‍ സാംസ്‌കാരിക പരിപാടിക്കിടെ വന്‍ തീപിടുത്തം. സ്റ്റേജ് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മുംബൈ മറൈന്‍ ഡ്രൈവില്‍ മേക്ക് ഇന്ത്യ വീക്ക് സാംസ്‌കാരികപരിപാടിക്കിടെയാണ് തീപിടുത്തമുണ്ടായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്, മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു, മറ്റുമന്ത്രിമാര്‍, സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരാല്‍ സമ്പന്നമായിരുന്നു സദസ്സ്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വേദിയില്‍ പരിപാടി അവതരിപ്പിച്ചതിന് തൊട്ടു പിറകേയാണ് വേദിയില്‍ തീപിടുത്തമുണ്ടായത്.

മഹാരാഷ്ട്ര കലാകാരന്മാര്‍ സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടയില്‍ വേദിക്കടിയില്‍ നിന്നും തീജ്വാലകള്‍ ഉയരുകയായിരുന്നു. കടലിനോട് ചേര്‍ന്നുള്ള തുറന്ന വേദി ആയിരുന്നതിനാല്‍ കാറ്റിനെ തുടര്‍ന്ന് വളരെ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു.

അഗ്നിബാധയെ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കലാകാരന്മാരേയും അണിയറയില്‍ പരിപാടികള്‍ക്കായി തയ്യാറെടുക്കുകയായിരുന്നവരേയും ഉടന്‍ തന്നെ പോലീസും സംഘാടകരും ജനങ്ങളും ചേര്‍ന്ന് നീക്കം ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഹേമമാലിനി എന്നിവരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

പോലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇന്ത്യ വീക്ക് സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം നിര്‍വഹിച്ചത്.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.