Latest News

ബ്രിട്ടനില്‍ മുന്‍ ഇമാം കൊല്ലപ്പെട്ട നിലയില്‍; വംശീയ വാദികള്‍ തല്ലിക്കൊന്നെന്ന് സംശയം

റോച്ച്‌ഡെ:[www.malabarflash.com] സമീപകാലത്തായി ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മുസ്ലിംവിരോധം വ്യാപകമായിരുന്നു. ഇസ്ലാമോഫോബിയ ബാധിച്ചവരുടെ വിവേചനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും നിരപരാധികളായ അനേകം മുസ്ലീങ്ങള്‍ ഇരയാവുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ പാരീസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്ലാമോഫോബിയ പതിന്മടങ്ങായാണ് ബ്രിട്ടനില്‍ വര്‍ധിച്ചിരിക്കുന്നത്. നിരവധി മുസ്ലീങ്ങളും അവരുടെ സ്ഥാപനങ്ങളും ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതുകൊലപാതകം വരെ എത്തി നില്‍ക്കുകയാണ്.

റോച്ച്‌ഡെയിലിലെ പ്ലേ ഗ്രൗണ്ടിന് സമീപം ജലാല്‍ ഉദ്ദീന്‍ എന്ന 56 കാരനായ മുന്‍ ഇമാമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വംശീയവാദികള്‍ ഇദ്ദേഹത്തെ തല്ലിക്കൊന്നതാണെന്ന സംശയമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ഇതോടെ പ്രദേശത്ത് കനത്ത സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

രാത്രിയില്‍ കുട്ടികളുടെ കളിസ്ഥലത്തിന് സമീപത്ത് കൂടെ തന്റെ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. രാത്രിയില്‍ ഒരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കിനാലാണ് അദ്ദേഹം മരിച്ചതെന്ന് കരുതുന്നു. രക്തത്തില്‍ കുളിച്ചാണ് അദ്ദേഹം കിടന്നിരുന്നത്. അദ്ദേഹത്തെ പാരാമെഡിക്‌സ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നത്. വംശീയവാദികളാണ് ഇതിന് പുറകിലെന്ന് സംശയമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 31 കാരനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് വിധേയനാക്കുന്നുമുണ്ട്.

പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കു വച്ചിട്ടുണ്ട്. കൊലപാതകം വംശീയവിദ്വേഷത്താലാണെന്ന സംശയം വര്‍ധിച്ചതിനാല്‍ ഇവിടെ സംഘര്‍ഷ സാധ്യത കനത്തിരിക്കുകയാണ്. റോച്ച്‌ഡെയില്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ സമുദായനേതാക്കന്മാരും മുതിര്‍ന്ന ഡിറ്റെക്ടീവുകളും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ മുന്‍നിരയിലുണ്ടെങ്കിലും ഇമാമിനെ കൊന്നത് വംശീയവാദികളാണെന്ന സംശയവും ആശങ്കയും പങ്കു വയ്ക്കുന്നുമുണ്ട്.

ബംഗ്ലാദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട മതപണ്ഡിതന്‍. കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെ പറ്റി അന്തിമമായ നിഗമനത്തിലെത്തിയിട്ടില്ലെന്നാണ് സൂപ്രണ്ടായ റിക്ക് ജാക്ക്‌സന്‍ പറയുന്നത്.ആളുകളോട് നിയന്ത്രണം പാലിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. വംശീയവിദ്വേഷത്താലുള്ള കൊലയാണോ ഇതെന്ന് കുറ്റാന്വേഷകര്‍ അന്വേഷിച്ച് വരുകയാണെന്നാണ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിളായ റെബേക്ക സുട്ട്ക്ലിഫ് പറയുന്നത്. സംയമനം പാലിക്കാന്‍ ഇസ്ലാമിക് ഗ്രൂപ്പുകളും ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. പൊലീസിന്റെ അന്വേഷണങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

ജനങ്ങളോടു സംയമനം പാലിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റോച്ച്‌ഡെയില്‍ കൗണ്‍സില്‍ ഓഫ് മോസ്‌ക്‌സ് ചീഫ് ഓഫീസറായ ഡോബില്‍ മിയാഹ് വെളിപ്പെടുത്തിയിരിക്കുന്നത്. സമുദായാംഗങ്ങളോട് ശാന്തരായിരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റമദാന്‍ ഫൗണ്ടേഷനിലെ മുഹമ്മദ് ഷഫിഖും പറയുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റോച്ച്‌ഡെയിലിലെ മോസ്‌കുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് അടിയന്തിര സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് അവിടുത്തെ മസ്ജിദ് കമ്മിററികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രി 8.40ന് റോച്ച്‌ഡെയിലിലെ വാര്‍ഡില്‍വര്‍ത്ത് പ്ലേഗ്രൗണ്ടിന് സമീപത്ത് കൂടെ ജലാല്‍ ഉദ്ദീന്‍ നടന്ന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. യഥാര്‍ത്ഥ വിശ്വാസിയായിരുന്ന അദ്ദേഹം എല്ലാ ദിവസവും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. റോച്ച്‌ഡെയിലിലെ തന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ലാത്ത ബിലാല്‍ ജാമിയ മസ്ജിദ് മോസ്‌കിലായിരുന്നു ഇദ്ദേഹം പതിവ് പോകാറുണ്ടായിരുന്നത്. ബംഗ്ലാദേശ് സമൂഹത്തിന്റെ നേതൃസ്ഥാനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്നാണ് റോച്ച്‌ഡെയില്‍ എംപി സൈമന്‍ ഡാന്‍ക്‌സുക് പ്രതികരിച്ചിരിക്കുന്നത്.Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.