Latest News

കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചു

കണ്ണൂര്‍:[www.malabazrflash.com] കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജി വച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ല കമ്മിറ്റിക്ക് കൈമാറി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് രാജി.

ഫസല്‍ വധക്കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവെക്കുകയാണെന്ന് കാരായി രാജന്‍ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിട്ടുണ്ട്.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ജനപ്രതിനിധികളെന്ന നിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കാരായിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി ചെവിക്കൊണ്ടില്ല.

കണ്ണൂരില്‍ ജില്ലയിലെ ജനപ്രതിനിധികളായിരിക്കുന്ന ഇരുവരും ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെഎതിര്‍പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കാരായി രാജന്റെ രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കാരായി രാജന്റെ രാജിക്കാര്യം തീരുമാനമായത്. കാരായി ചന്ദ്രശേഖരന്റെ നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജി വക്കണോ എന്ന് തലശ്ശേരി ഏരിയക്കമ്മിറ്റി യോഗം തീരുമാനിക്കട്ടെ എന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 24 അംഗങ്ങളില്‍ 15 വോട്ട് നേടിയാണ് കാരായി പ്രസിഡന്റായത്. പാട്യം ഡിവിഷനില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാരായി രാജന്‍ സി.പി.എം ജില്ലാക്കമ്മിറ്റിയംഗമാണ്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മത്സരരംഗത്തിറങ്ങിയത്.

കാരായി രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌
മാധ്യമങ്ങളോട്: ചില രാഷ്ട്രീയ കുടില ബുദ്ധികളുടെ പകയുടെ ഇരകളായി കള്ളക്കേസില്‍ കുടുക്കി സ്വാഭാവിക നീതിയും നിഷേധിക്കപ്പെട്ടത് നിങ്ങള്‍ക്ക് അറിയാമല്ലോ. ഈ കേസിന്‍റെ മറച്ച് വെച്ച രഹസ്യങ്ങളും യഥാര്‍ത്ഥ വസ്തുതകളും കൊലയാളികളുടെ സംഘത്തില്‍ നിന്ന്‍ തന്നെ വെളിപ്പെട്ടതും നിങ്ങളില്‍ പലര്‍ക്കുമറിയാവുന്നതാണ്. ഒട്ടു മിക്ക മാധ്യമ സുഹൃത്തുക്കളുമായും ഈ വിഷയം സംസാരിച്ചപ്പോള്‍ വസ്തുതകള്‍ അറിയാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷെ, എല്ലാവരും അതെ എല്ലാവരും തന്നെ അവരുടെ പരിമിതിയെ സംബന്ധിച്ച് കൈ മലര്‍ത്തുകായാണ് ചെയ്തത്. അതില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല. ഇതില്‍ കളവായി പ്രതി ചേര്‍ക്കപ്പെട്ടവരോ, സി.പി.ഐ.എമ്മോ പറയുന്നത് മുഖ വിലക്കെടുക്കാതെ സ്വന്തം നിലയില്‍ ഒരു അന്വേഷണം നടത്തി സത്യാവസ്ഥ മനസിലാക്കാന്‍ നേരിയ ശ്രമം മാധ്യമ സുഹൃത്തുക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഭരണ സംവിധാനങ്ങള്‍ രാഷ്ട്രീയമായ ദുരുദ്ദേശത്തോടെ പടച്ചു വിട്ട കള്ളക്കഥകളാണ്‌ കുറച്ച് പേരെങ്കിലും വിശ്വസിച്ചിരിക്കുന്നത്. ബന്ധമില്ലാത്ത ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ നിരപരാധികളെ വേട്ടയാടി ക്രൂശിക്കുമ്പോള്‍ അല്പം മനസിലെ നന്മ ആരില്‍ നിന്നെങ്കിലും പ്രതീക്ഷിക്കാമോ?
ഓര്‍ക്കാട്ടേരിയിലുണ്ടായ കൊലപാതകം വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു വിവാദ വിഷയമായിരുന്നു.വിവിധ കേസുകലെക്കുറിച്ചുള്ള വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് കൃത്യമായി ലഭ്യമായിരുന്നു. ഈ കേസ് അന്വേഷിച്ച സംഘത്തിലെ ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനോടെങ്കിലും സൗഹൃദപൂര്‍വ്വം ചോദിച്ചാല്‍ അവരില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും ആവശ്യമായ വസ്തുതകള്‍. രാജ്യദ്രോഹികളെന്നും കൊടും കുറ്റവാളികളെന്നും ഭരണകൂടം ആരോപിക്കുന്നവര്‍ക്ക് പോലും നമ്മുടെ നാട്ടില്‍ സ്വാഭാവിക നീതി ലഭ്യമായിട്ടുണ്ട്. ഇവിടെ ഇരട്ട നീതിയും ചെയ്യാത്ത കുറ്റത്തിനുള്ള തുടര്‍ വേട്ടകളും എന്ത് കൊണ്ട് മാനുഷിക പ്രശ്നമാവുന്നില്ല. ഒരു വലിയ പ്രസ്ഥാനത്തെയും അതിന്‍റെ ഭാഗമായുള്ളവരെയും ഇല്ലാതാക്കുകയെന്ന വ്യാമോഹമാണ് അധികാര കേന്ദ്രങ്ങള്‍ക്കുള്ളത്. പക്ഷെ അത് മാത്രം സംഭവിക്കുന്നില്ല. ചരിത്രത്തിന്‍റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ടപ്പോഴാണ് കൂടുതല്‍ ശക്തിപ്പെട്ടിട്ടുള്ളത്‌ എന്ന്‍ കാണാം. എന്നാല്‍ ഇതിന്‍റെ ആഘാതങ്ങളും ദുരന്തങ്ങളും മാനസിക പീഡനങ്ങളും ഏറ്റുവാങ്ങുന്ന കുടുംബങ്ങള്‍ ഉണ്ട് എന്നത് മറന്ന്‍ പോകരുത്.കമ്മ്യുണിസ്റ്റ്കാര്‍, പാവങ്ങള്‍, അധസ്ഥിതര്‍, മതന്യൂനപക്ഷങ്ങള്‍ ഇവര്‍ക്കാണ് സാധാരണ നീതി തന്നെയും നിഷേധിക്കപ്പെടുന്നത്. ഇരട്ട നീതിയുടെ എത്രയെത്ര ഉദാഹരണങ്ങളെങ്കിലും നിരത്തി വെക്കാന്‍ സാധിക്കും. ഈ കള്ളക്കേസിലെ പിന്നാമ്പുറ രഹസ്യങ്ങള്‍ എല്ലാം പുറത്ത് വന്നിട്ടുണ്ട്. ജയിലില്‍ വെച്ച് യഥാര്‍ത്ഥ പ്രതി സഹതടവുകാരോട് വള്ളിയും പുളളിയും തെറ്റാതെ വിവരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കൊലയാളികള്‍ നിയമത്തിന്‍റെ മുന്നില്‍ വരാതിരിക്കില്ല. ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇവരെ പുറത്തെത്തിക്കും. അന്നായിരിക്കുമോ നിങ്ങള്‍ തിരുത്തുക? ആരുടേയും ഭീഷണിക്കൊ സമ്മര്‍ദ്ദത്തിനൊ മാധ്യമ സുഹൃത്തുക്കള്‍ വഴങ്ങുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സത്യം എളുപ്പം ലഭിക്കും. തേച്ച് മായ്ച്ച് കളയാനാവാത്ത തെളിവുകള്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളുടെ വെപ്രാളങ്ങളും രക്ഷിതാക്കളുടെ നെട്ടോട്ടങ്ങളും നിരീക്ഷിച്ചാല്‍ മാധ്യമ സുഹൃത്തുക്കള്‍ക്ക് കാണാനാവും.
ശതകോടികള്‍ ചെലവാക്കാനില്ലത്ത സാധാരണക്കാര്‍ക്ക് നീതി വൈകുന്നുവെന്ന് സുപ്രീം കോടതി ചീഫ് തന്നെ പ്രസ്താവിച്ച് കണ്ടു. അതെ അത് സത്യമാണ് അനുഭവവും.
ഭരണസംവിധാനം ആക്രമിക്കുന്ന, അവര്‍ കുറ്റമാരോപിക്കുന്ന വ്യക്തികള്‍ സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് നിങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിക്കുമല്ലോ? അവര്‍ ഭീകരന്മാരോ ക്രിമിനലുകാളോ ആയിട്ടാണോ? മനുഷ്യാവകാശങ്ങളും അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയും നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് തുണയാകേണ്ടത് ആരാണ്. സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ സ്വതന്ത്ര വായുവിന് വേണ്ടി മനുഷ്യപക്ഷ നിലപാടുകളുയര്‍ത്താന്‍ പുതിയ സ്വദേശാഭിമാനിമാരുണ്ടാവട്ടെ. വേട്ടക്കാരുടെ ശീല്‍ക്കാരങ്ങള്‍ക്ക് പകരം ഇരകളുടെ രോദനങ്ങളെ കാണുകയും സംരക്ഷിക്കുകയുമാണ് വേണ്ടത്. ഈയൊരു കുറിപ്പിനെ തുടര്‍ന്ന്‍ രാഷ്ട്രീയ കുടില ജന്മങ്ങളില്‍ വിഭ്രാന്തികളും അസ്വസ്ഥതകളും കുരുപൊട്ടലുമൊക്കെയുണ്ടാവാം.
പ്രിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് സ്നേഹാശംസകള്‍.







Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.