Latest News

ഒന്നര വര്‍ഷം മുമ്പു കാണാതായ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

ചാവക്കാട്:[www.malabarflash.com] ഒന്നര വര്‍ഷം മുമ്പ് കാണാതായ യുവതിയായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൂന്നു കുട്ടികളുടെ പിതാവായ കാമുകന്‍ പിടിയിലായി.

ചേലക്കര ഏച്ചാടി വെങ്ങാനെല്ലൂര്‍ അച്ചുപുളിക്കല്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യ സീനത്താ(38)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് തിരുവത്ര ചീനിച്ചുവട് ചാടിരകത്ത് റഫീഖി(40)നെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

2014 സെപ്റ്റംബര്‍ 30നാണ് സീനത്തിനെ കാണാതായത്. തൃശൂരിലേക്കു പോയ സീനത്ത് തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചേലക്കര പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ റഫീഖുമായി അടുപ്പമുണ്ടെന്നു വിവരം ലഭിച്ചു. ചാവക്കാട് പോലീസിന്റെ സഹായത്തില്‍ ചേലക്കര പോലീസ് റഫീഖിനെ പിടികൂടിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നു പോലീസ് പറഞ്ഞു. ചാവക്കാട് പോലീസും ചേലക്കര പോലീസും പിന്നീടു പലതവണ റഫീഖിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും സീനത്തിനെ പരിചയമുണെ്ടന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മൊഴി.

പിന്നീട് കടപ്പുറത്തുനിന്നു ചെരുപ്പും വളകളും ലഭിച്ചുവെങ്കിലും പോലീസ് നിസാരവത്കരിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ യുവതിയെ മലപ്പുറത്തു കണ്ടെത്തിയതായി അഭ്യൂഹം പരന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം റൂറല്‍ ഡിപിസി കാര്‍ത്തിക്കിന്റെ നിര്‍ദേശത്തില്‍ കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വീണ്ടും അന്വേഷിച്ചപ്പോഴാണ് പ്രതി പിടിയിലായത്.

ഭര്‍ത്താവ് ഗള്‍ഫിലുള്ളപ്പോഴാണു സീനത്ത് മിസ് കോള്‍ വഴി 2010ല്‍ റഫീഖിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. പിന്നീട് ഇരുവരും പലയിടത്തും പോയി. റഫീഖിനെ കാണാന്‍ സീനത്ത് ഇടയ്ക്കിടയ്ക്കു ചാവക്കാട് വരും. ഇതിനിടയില്‍ പലപ്പോഴായി റഫീഖില്‍നിന്നു സീനത്ത് രണ്ടുലക്ഷത്തോളം രൂപ വാങ്ങിയിരുന്നുവെന്നു പ്രതി പോലീസിനോടു പറഞ്ഞു.

വെളിയക്കോടുനിന്ന് തിരുവത്രയില്‍ വന്ന് ഭാര്യയും മൂന്നു കുട്ടികളുമായി വാടകവീട്ടില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ റഫീഖിനു പണത്തിന്റെ ആവശ്യം വന്നപ്പോള്‍ സീനത്തിനോട് കുറച്ച് പണം ആവശ്യപ്പെട്ടു. പണം തിരിച്ചുചോദിച്ചപ്പോള്‍ സീനത്തുമായി വാക്കുതര്‍ക്കമായി. തിരുവത്ര കടപ്പുറത്തുവച്ച് വീണ്ടും വാക്കുതര്‍ക്കം നടന്നു. ഇതിനിടയില്‍ റഫീഖ് സീനത്തിനെ അടിച്ചു. ബോധം നഷ്ടപ്പെട്ട സീനത്തിന്റെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുല്ലും കാറ്റാടിമരങ്ങളും നിറഞ്ഞു വിജനമായി കിടക്കുന്ന കടപ്പുറത്തു മൃതദേഹം ഉപേക്ഷിച്ച് റഫീഖ് പോയി. രാത്രി തിരിച്ചെത്തി മൃതദേഹം കുഴിച്ചുമൂടി.

അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പ്രതിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ റഫീഖും സീനത്തും സംഭവദിവസം ചാവക്കാട് ഉണ്ടായിരുന്നതായി അറിവ് ലഭിച്ചു. മൂന്നുമാസമായി പ്രതി നിരീക്ഷണത്തിലായിരുന്നു.

കടപ്പുറത്തെ ഒരു പ്രത്യേക സ്ഥലത്തു പ്രതി ഇടയ്ക്കു വന്നു പരിശോധിക്കുന്ന വിവരം അറിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. 

ചേലക്കര സിഐ സന്തോഷ്‌കുമാര്‍, ജെയ്‌സണ്‍, മുഹമ്മദ് ലത്തീഫ്, എഎസ്‌ഐ അഷറഫ്, സിപിഒമാരായ ബാബുരാജ്, ഹബീബ്, രാഗേഷ്, സുദേവ്, വനിത സിപിഒ റഷീദ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.ഫോറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. പ്രസന്നന്‍, സയന്റിഫിക് അസിസ്റ്റന്റ് ഡോ. അനീഷ്, തഹസില്‍ദാര്‍ വി.എ.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിനുശേഷം പൂര്‍ണമായി ദ്രവിക്കാത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ചാവക്കാട് സിഐ എ.ജെ.ജോണ്‍സണ്‍, എസ്‌ഐ എം.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സീനത്തിന്റെ ബന്ധുക്കള്‍ തിരുവത്ര കടപ്പുറത്ത് എത്തിയിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.