Latest News

പുഴയില്‍ മുങ്ങിത്താണ രണ്ടുപേരെ പ്ലസ് ടു വിദ്യാര്‍ഥിനി രക്ഷിച്ചു

ആലുവ:[www.malabarflash.com] ഏലൂക്കരയില്‍ വെള്ളത്തില്‍ മുങ്ങിത്താണ ഒരു കുടുംബത്തിലെ രണ്ടുപേരെ പ്‌ളസ് ടു വിദ്യാര്‍ഥിനി രക്ഷപ്പെടുത്തി. ഏലൂക്കര പതുവനവീട്ടില്‍ അലിക്കുഞ്ഞിന്റെ മകള്‍ അനീഷയാണ് രക്ഷകയായത്. മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഏലൂക്കര കരുവേലിപറമ്പില്‍ നമാസുദ്ദീന്‍, മകള്‍ ഫാത്തിമ ഫഹീമ എന്നിവരെയാണ് അനീഷ രക്ഷപ്പെടുത്തിയത്. നമാസുദ്ദീന്റെ ഭാര്യ സീനത്ത്, മകന്‍ സാഹിദ് സമാന്‍ എന്നിവരും പുഴയിലെത്തിയിരുന്നു. സീനത്ത് അലക്കിക്കൊണ്ടിരിക്കെ മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

സാഹിദിനെ രക്ഷിക്കാനാണ് ഫാത്തിമ വെള്ളത്തിലിറങ്ങിയത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കരയില്‍നിന്ന് കണ്ട നമാസുദ്ദീന്‍ ചാടി മകനെ കരക്കത്തെിച്ചശേഷം മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിത്താഴുകയായിരുന്നു. സീനത്തിന്റെ നിലവിളി കേട്ട് സമീപവാസിയായ അനീഷ ഓടിയത്തെി പുഴയിലേക്ക് ചാടി ഫാത്തിമയെ കരക്കത്തെിച്ചു. പിന്നെ ചളിയില്‍ പൂണ്ട നമാസുദ്ദീനെ കൈപിടിച്ചുകയറ്റി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും സഹായത്തിനത്തെി.

ജീവന്‍ പണയപ്പെടുത്തിയുള്ള അനീഷയുടെ ധീരതക്ക് പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. സിനിമാ നടന്‍ മുകേഷ് വീട്ടിലത്തെി അനീഷയെയും കുടുംബത്തെയും അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, ആലങ്ങാട് ബ്‌ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഷാജഹാന്‍ എന്നിവരും അനീഷയുടെ വീട്ടില്‍ എത്തിയിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.