Latest News

ഡോക്ടറെയും കുടുംബത്തെയും മയക്കി കോഴിക്കോട്ട് വന്‍ കവര്‍ച്ച

കോഴിക്കോട്:[www.malabarflash.com] നഗരത്തില്‍ ഡോക്ടറെയും കുടുംബത്തെയും മയക്കിക്കിടത്തി വന്‍ കവര്‍ച്ച. 50ല്‍പരം പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണു നഷ്ടപ്പെട്ടത്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.എന്‍.ജെ. തുളസീധരന്റെ മലാപറമ്പ് ദേശോദ്ധാരിണി ക്രോസ് റോഡിലെ മരതകം വീട്ടിലാണ് ബുധനാഴ്ച രാത്രി കവര്‍ച്ച നടന്നത്.

വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണു മോഷണവിവരം അറിയുന്നത്. ഡോക്ടറും ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയും മകളും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ വരെ മോഷ്ടാക്കള്‍ ഊരിക്കൊണ്ടുപോയി. അടുത്തിടെ വിവാഹം കഴിഞ്ഞ മകളുടെ ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചതായിരുന്നു. ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ഇവ ലോക്കറില്‍നിന്നെടുത്തത്.

രാവിലെ ഉണര്‍ന്നപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മയക്കുമരുന്ന് മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നുവെന്നു സംശയിക്കുന്നു.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്. എല്ലാ മുറികളിലെയും അലമാരകള്‍ വാരിവലിച്ചിട്ടിട്ടുമുണ്ട്. വീട്ടിലുണ്ടായിരുന്ന സ്‌കെച്ച് പേന ഉപയോഗിച്ചു ഭിത്തികളില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഹിന്ദിയില്‍ ചില വാക്കുകളും എഴുതിയിട്ടുണ്ട്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നു കരുതുന്നു.

നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന്‍, ചേവായൂര്‍ സിഐ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ എവിടെനിന്നും വിരലടയാളം കണെ്ടത്താനായില്ല.

മോഷ്ടാക്കള്‍ കൈയുറ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ചേവായൂര്‍ സിഐ പി.കെ. സന്തോഷിനാണ് അന്വേഷണ ചുമതല. സമാനരീതിയില്‍ മുന്‍പ് കവര്‍ച്ച നടത്തിയവരെ കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം തുടങ്ങി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.