Latest News

കവര്‍ച്ച: മുന്‍ സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയില്‍ വിട്ടു

നീലേശ്വരം:[www.malabarflash,com] അടച്ചിട്ട വീടുകള്‍ മാരകായുധങ്ങളുപയോഗിച്ച് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി വരികയായിരുന്ന സിപിഎം പ്രാദേശിക നേതാവായിരുന്ന തൃക്കരിപ്പൂര്‍ വയലോടിയിലെ സി. രാഘവനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ രാഘവനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇതിന് മുമ്പ് നിരവധി കവര്‍ച്ചകള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മെട്ടമ്മലിലെ ഒരു വീട്ടില്‍ നിന്ന് പതിനാലര പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതായി രാഘവന്‍ സമ്മതിച്ചു. ഈ സ്വര്‍ണ്ണം ബാങ്കുകളില്‍ പണയം വെക്കുകയും ചിലത് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

രാഘവനെ കസ്റ്റഡിയില്‍ കിട്ടിയതോടെ മെട്ടമ്മലിലും പരിസരത്തും നടന്ന ഏതാണ്ട് പതിനഞ്ചോളം കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രാത്രി നേരങ്ങളില്‍ മത്സ്യം പിടിക്കാന്‍ ഇറങ്ങാറുള്ള രാഘവന്‍ സ്ഥലത്തെ വീടുകള്‍ നിരീക്ഷിച്ച ശേഷം വീടുകളില്‍ ആളില്ലെന്ന് ഉറപ്പ് വരുത്തി കവര്‍ച്ച നടത്തി വരികയായിരുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ രാഘവനെ ആരും സംശയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ രാഘവന്റെ ദൃശ്യം വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് രാഘവന് വിനയായത്. ഇതോടെ ഒളിവില്‍ പോയ രാഘവനെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രാഘവനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കവര്‍ച്ച നടത്തിയ പല വീടുകളിലേക്കും ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് കൊണ്ടുപോകുന്നുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.