Latest News

ഉദുമയില്‍ കുഞ്ഞിരാമന്‍, മഞ്ചേശ്വരത്ത് ശങ്കര്‍റൈ; തൃക്കരിപ്പൂരില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക്

സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി

കാസര്‍കോട്:[www.malabarflash.com] തൃക്കരിപ്പൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി രണ്ട് പേരുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

ഐഎന്‍എല്ലിന് നല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ അവര്‍ മല്‍സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം സിപിഎം പിന്നീട് തീരുമാനിക്കും. മഞ്ചേശ്വരം (ശങ്കര്‍റൈ), ഉദുമ (കെ. കുഞ്ഞിരാമന്‍), തൃക്കരിപ്പൂര്‍ (എം.വി. ബാലകൃഷ്ണന്‍, എം. രാജഗോപാല്‍) എന്നിവരാണ് പട്ടികയിലുള്ളവര്‍. പി. കരുണാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറാക്കിയത്.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ തൃക്കരിപ്പൂരില്‍ കെ. കുഞ്ഞിരാമന്‍ നിയമസഭാംഗമായി രണ്ട് ടേം പൂര്‍ത്തിയാക്കിയതോടെ പുതുമുഖത്തെ പരിഗണിക്കണമെന്നായിരുന്നു ഭൂരിപക്ഷ അംഗങ്ങളുടെയും അഭിപ്രായം. തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എം.വി. ബാലകൃഷ്ണന്റെ പേര് പരിഗണിക്കുകയായിരുന്നു. ഇതോടൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാലിന്റെ പേരും പരിഗണിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് രണ്ടു പേരുകളും സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിനു വിടുകയായിരുന്നു.

ഉദുമ മണ്ഡലത്തില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ. കുഞ്ഞിരാമന് വീണ്ടും അവസരം നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഉദുമ സീറ്റിലേക്ക് മറ്റ് പേരുകളൊന്നും പരിഗണിച്ചില്ല. 

യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ തദ്ദേശിയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മുന്‍ ജില്ലാപഞ്ചായത്ത് അംഗവും സിപിഎം ജില്ലാകമ്മിറ്റി അംഗവുമായ ശങ്കര്‍റൈയുടെ പേര് പരിഗണിക്കുകയായിരുന്നു. 

നിലവില്‍ ഐഎന്‍എല്ലിന് വിട്ടുകൊടത്ത കാസര്‍കോട് മണ്ഡലത്തില്‍ അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഏറ്റെടുക്കാനും സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.