Latest News

ചെങ്കളയില്‍ ഉപതിരഞ്ഞെടുപ്പിനിടെ സി പി എം – ലീഗ് സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക് ;പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

ചെര്‍ക്കള:[www.malabarflash.com] ചെങ്കള പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ചെങ്കള വെസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനിടെ സി പി എം – ലീഗ് സംഘര്‍ഷം. അഞ്ചുപേര്‍ക്ക് പരിക്ക്. തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ചെര്‍ക്കളയിലെ അബ്ദുല്‍ഖാദര്‍, സി പി എം ബൂത്ത് ഏജന്റായ ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുര്‍ റഹ്മാന്‍ ധന്യവാദ് (40), ഏരിയ കമ്മിറ്റി അംഗം ടി എം എ കരീം, കെ രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അബ്ദുല്‍ഖാദറെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സി പി എം നേതാക്കളെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ അക്രമങ്ങള്‍ക്കിടെ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
വോട്ട്‌ചെയ്യാനെത്തിയ ഒരാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്ലെന്നതിന്റെപേരിലാണ് പ്രശ്‌നം ഉടലെടുത്തത്. ഇതേതുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ അബ്ദുര്‍ റഹ്മാനെ മര്‍ദിച്ചുവെന്നാണ് പരാതി. പിന്നീട് വിവരമറിഞ്ഞ് ചെര്‍ക്കളയിലെത്തിയ കരീമിനേയും രവീന്ദ്രനേയും കയ്യേറ്റംചെയ്യുകയും മര്‍ദിക്കുകയായിരുന്നുവത്രെ. ഇതിനിടയില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് ശാഖാ പ്രസിഡന്റിനെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

അതിനിടെ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍കൊണ്ടുവന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് ബലംപ്രയോഗിച്ച് ആശുപത്രിയില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതും ജനറല്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി.






Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.