Latest News

കണ്ണൂരില്‍ വന്‍ സ്‌ഫോടം; ഇരുനില വീട് തകര്‍ന്നു, അഞ്ചുപേര്‍ക്കു പരിക്ക്

കണ്ണൂര്‍:[www.malabarflash.com] പള്ളിക്കുന്നിനു സമീപം പൊടിക്കുണ്ട് രാമതെരു രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ രാത്രി പതിനൊന്നരയോടെ ദുരൂഹ സാഹചര്യത്തില്‍ വന്‍ സ്‌ഫോടനം. ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. അലവില്‍ സ്വദേശിയായ അനു മാലിക് എന്നയാളും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീടാണ് തകര്‍ന്നത്. അനു മാലിക് സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. മകള്‍ ഹിബ (14), ഭാര്യ റാഹില എന്നിവര്‍ക്കാണു പരിക്കേറ്റത്. ഹിബയ്ക്ക് എണ്‍പതുശതമാനത്തോളം പൊള്ളലുണ്ടെന്ന് അറിയുന്നു.


പരിസരവാസികളായ മറ്റു മൂന്നുപേര്‍ക്കും പരുക്കുണ്ട്. പ്രദേശത്താകെ വെടിമരുന്നിന്റെ രൂക്ഷഗന്ധമാണ്. സമീപത്തെ ഒട്ടേറെ വീടുകള്‍ക്കും കേടുപാടുണ്ട്. വന്‍ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. തകര്‍ന്ന വീടിന്റെ ചെങ്കല്‍ച്ചീളുകള്‍ നൂറുമീറ്ററിലേറെ അകലെവരെ തെറിച്ചുവീണു. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ഒട്ടേറെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അഞ്ചു കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.


പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനാല്‍ സംഭവസ്ഥലമാകെ ഇരുട്ടിലാണ്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. വന്‍ ജനക്കൂട്ടവും വിവരം അറിഞ്ഞ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്തെ വീടുകളുടെ ജനലുകളും വാതിലുകളും കുലുങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഭൂമികുലുക്കമാണെന്നു കരുതി പലരും വീടിനു പുറത്തിറങ്ങി നിന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌കോഡും സ്ഥലത്തെത്തിയിട്ടുണ്ട്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.