Latest News

ചലചിത്ര നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി:[www.malabarflash.com] ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാവിലെ 8.15നായിരുന്നു അന്ത്യം.

1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മളിലൂടെയാണ് (2002) സിനിമയില്‍ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഞാന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് റിലീസ് ചെയ്ത അവസാന ചിത്രം.

സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇടപ്പള്ളി അമൃത ആസ്പത്രിയിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.

തൊണ്ടക്ക് ബാധിച്ച അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി പടര്‍ന്നതായിരുന്നു ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി വളഷാക്കിയത്. എങ്കിലും അവസാന സമയം വരെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അത് സോഷ്യല്‍മീഡിയ വഴി നിരന്തരം പങ്കുവെച്ചു. വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ കഴിഞ്ഞ 22ന് ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ബുധനാഴ്ച ഗുരുതരാവസ്ഥയില്‍ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ആരോഗ്യനില വഷളായിരുന്നു.


ചൂണ്ട, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, ചന്ദ്രനിലേക്കൊരു വഴി, യുഗപുരുഷന്‍, നിദ്ര, ഓഡിനറി, ഉസ്താദ് ഹോട്ടല്‍, ബ്രെയ്കിങ് അവേഴ്‌സ് 10-4, അന്നും ഇന്നും എന്നും, പ്രയേഴ്‌സ്, റബേക്ക ഉതുപ്പ് കിഴക്കേമല, കളിയോടം, ഞാന്‍ എന്നിവയാണ് ജിഷ്ണു അഭിനയിച്ച മലയാള സിനിമകള്‍. ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.

കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐ.ടി രംഗത്തും സജീവമായിരുന്നു. എന്‍.ഐ.ടിയില്‍ ജൂനിയറായി പഠിച്ച് ആര്‍ക്കിടെക്ട് ധന്യയാണ് ഭാര്യ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.