Latest News

അബുദാബിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്‌

അബുദാബി:[www.malabarflash.com] യുഎഇ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഇന്നലെയും ശക്തമായ മഴ. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആരംഭിച്ച മഴയെത്തുടര്‍ന്ന് നഗരത്തിനകത്തും പുറത്തും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവുമുണ്ടായി.

നട്ടുച്ചനേരത്ത് ഇരുട്ടുമൂടി ദൂരക്കാഴ്ചപോലും തടസ്സപ്പെട്ടു. തുടര്‍ന്നാണ് ഇടിവെട്ടോടെ മഴ പെയ്യാന്‍ തുടങ്ങിയത്. നല്ല മഴ ലഭിച്ചെങ്കിലും തണുപ്പ് ബാധിച്ചിട്ടില്ല. മുസഫ വ്യവസായ നഗരിയിലെ ചില വെയര്‍ഹൗസുകളും ഓഫിസ് മന്ദിരങ്ങളും മഴയില്‍ ചോര്‍ന്നൊലിച്ചു. 

അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കുകളിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയതിനെ തുടര്‍ന്ന് നഗരാതിര്‍ത്തിയിലെ പല കെട്ടിടങ്ങളിലെയും ഭൂഗര്‍ഭ പാര്‍ക്കിങ് സംവിധാനം തകരാറിലായി. വാണിജ്യ കേന്ദ്രങ്ങളിലെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സമയക്രമം ക്രമീകരിക്കാന്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് അധിഷ്ഠിത ഗേറ്റ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി. 

അബുദാബി അല്‍വഹ്ദ മാളിലെ ഗേറ്റ് കണ്‍ട്രോള്‍ തകരാറിലായതോടെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ ഒട്ടേറെ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. ഷോപ്പിങ് കഴിഞ്ഞ് വാഹനവുമായി പുറത്തേക്ക് പോകാനാവാതെ ഒട്ടേറെപ്പേര്‍ ഭൂഗര്‍ഭ പാര്‍ക്കിങ്‌ബേയില്‍ കുടുങ്ങി. മുസഫ വ്യവസായ നഗരിയിലെ പല റോഡുകളിലും ശക്തമായ വെള്ളക്കെട്ടുണ്ടായതായി അവിടെ ജോലി ചെയ്യുന്നവര്‍ അറിയിച്ചു. 

വെള്ളക്കെട്ട് മൂലം പല മേഖലയിലും ഏറ്റവുമധികം ബുദ്ധിമുട്ടിയത് കാല്‍നട, സൈക്കിള്‍ യാത്രക്കാരാണ്. ഇരുഭാഗത്തേക്കും വാഹന ഗതാഗതമുള്ള വ്യവസായ നഗരിയിലെ റോഡുകളില്‍ മഴമൂലം ദൂരക്കാഴ്ച നഷ്ടപ്പെട്ടതും പെയ്ത്തുവെള്ളം റോഡില്‍ കെട്ടിനിന്നതും ജനങ്ങളെ ദുരിതത്തിലാക്കി. 

നിര്‍മാണ സൈറ്റുകളില്‍ മഴമൂലം ജോലികള്‍ തടസ്സപ്പെടുകയും ചെയ്തു. മൂടിക്കെട്ടിയ കാലാവസ്ഥ കഴിഞ്ഞ രണ്ടു ദിവസമായി അബുദാബി മേഖലയില്‍ തുടരുകയാണ്. മുസഫ, ഖലീഫാ സിറ്റി, ഷഹാമ, ബനിയാസ് തുടങ്ങിയ മേഖലകളിലും ശക്തമായ മഴമൂലം ഏറെനേരം ജനജീവിതം താറുമാറാവുകയും ചെയ്തു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.