Latest News

നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹതയേറുന്നു

കൊച്ചി:[www.malabarflash.com] ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ താമസിക്കുന്ന യുവതിയുടെ മൃതദേഹം കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്ന് കണ്ടെത്തിയത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൃതദേഹത്തില്‍ പുറമെ പരിക്കില്ലെങ്കിലും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടെ മൃതദേഹമാണ് വനിതാദിനത്തില്‍ കണ്ടെത്തിയത്.

ചേര്‍ത്തലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ സന്ധ്യയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് കാണാതായത്. ആറരയോടെയാണ് സന്ധ്യ ഓഫീസില്‍ നിന്നിറങ്ങിയത്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു രാത്രി 8 മണിക്ക് സന്ധ്യ ഭര്‍ത്താവ് അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.

പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കള്‍ രാത്രിയില്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ട നാട്ടുകാരാണു പോലീസില്‍ വിവരമറിയിച്ചത്.

സന്ധ്യയുടെ ശരീരത്തുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ശ്വാസതടസത്തെ തുടര്‍ന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം, മട്ടാഞ്ചേരി ബി.ഒ.ടി പാലം കിഴക്ക് ഭാഗത്ത് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. തമിഴ്‌നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന വാത്തുരുത്തിക്കടുത്താണ് മട്ടാഞ്ചേരി ഹാള്‍ട്ട്.

പ്രേദേശത്തെ ലോറി ഡ്രൈവര്‍മാര്‍, ഭര്‍ത്താവ് അജിത്ത് എന്നിവരെ ചോദ്യം ചെയ്തു. ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.