Latest News

പിന്‍മാറുന്ന പ്രശ്‌നമില്ല; ഉദുമ തിരിച്ചു പിടിക്കുമെന്ന് കെ.സുധാകരന്‍

ഉദുമ[www.malabarflash.com]: ഉദുമയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കെ.സുധാകരന്‍ പിന്‍മാറിയെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം നടന്നു. ഉദുമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും, മറിച്ചു വന്ന പ്രചരണങ്ങള്‍ അസംബന്ധങ്ങളാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് നടന്ന കെ.പി.സി.സി. ഭാരവാഹി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ സുധാകരന്‍ മാറി നില്‍ക്കുന്നുവെന്ന് കാണിച്ചു വന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുരില്‍ നിന്നും വന്ന് ഉദുമ തിരിച്ചു പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇവിടേക്കെത്തിയത്.
ഡി.സി.സി യോഗത്തില്‍ വന്ന് സ്ഥാനാര്‍ത്ഥിത്വം സ്വയം ഏറ്റെടുത്തതില്‍ ചിലര്‍ക്കുള്ള ഏതിര്‍പ്പ് മാനിച്ചു കൊണ്ടാണ് മല്‍സരത്തില്‍ നിന്നും ഒഴിയുന്നതെന്നും മറ്റുമുള്ള പ്രചാരണം. പി. രാമകൃഷ്ണന്‍ കെപിസിസി യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഉദുമ വിടാന്‍ കാരണമാകുന്നതെന്നായിരുന്നു പ്രചരണം. 

ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് കാസര്‍കോട് വെച്ചു നടന്ന ഡി.സി.സി യോഗത്തില്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി ജന. സെക്രട്ടറി പി.രാമകൃഷ്ണന്‍ അടക്കം സംബന്ധിച്ച യോഗമായിരുന്നു അത്. വി.എം. സുധീരന്റെ നിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ടാണ് സുധാകരന്‍ ഡി.സി. യോഗത്തിനെത്തിയതെന്ന് കെ.പി.സി.സി യോഗത്തില്‍ സുധീരന്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
കെ. സുധാകരന്‍ താല്‍പ്പര്യമെടുത്തു കൊണ്ട് വെളളിയാഴ്ച രാവിലെ 11ന് ചട്ടഞ്ചാലില്‍ പ്രധാന പ്രവര്‍ത്തകരുടെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഗ്രുപ്പു മറന്നു കൊണ്ടുള്ള ഏകീകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും സംസ്ഥാന നേതാക്കളും നാളെ കാസര്‍കോട് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് കണ്‍വെണ്‍ഷനില്‍ പങ്കെടുക്കുന്നു. തുടര്‍ന്നു താഴെ തട്ടുകളിലേക്ക് തെരെഞ്ഞെടുപ്പ് പ്രചരണം വ്യാപിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം അഗീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഏതു പ്രതിസന്ധിയിലും ഉദുമയോടൊപ്പം നിലകൊള്ളുമെന്നും ഇത് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യമാണെന്നും സുധാകരന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്റില്‍ നിന്നും വരാന്‍ ബാക്കിയുണ്ട്. ഇടതു സ്ഥാനാര്‍ത്ഥി കെ. കുഞ്ഞിരാമന്റെ സ്ഥാനാര്‍ത്ഥിത്വവും നേതൃത്വം അംഗീകരിച്ചതല്ലാതെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഉദുമയിലെ യു ഡി എഫ് കേന്ദ്രങ്ങള്‍ ആഹ്ലാദത്തോടെയാണ് നെഞ്ചോട് ചേര്‍ത്തിരിക്കുന്നത്. പലയിടത്തും കെ സുധാകരന് വേണ്ടി ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക തലങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനൗദ്യോഗികമായി ആരംഭം കുറിച്ചിട്ടുമുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.