Latest News

ഗള്‍ഫ് വ്യാപാരിയുടെ വീട്ടില്‍ പീഡനം നടന്നിട്ടില്ലെന്ന് യുവതിയുടെ മൊഴി

ഉദുമ[www.malabarflash.com]: വീട്ടു ജോലിക്കാരിയായ ഇരുപത്തിരണ്ടുകാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ വീട്ടുടമസ്ഥനായ ഗള്‍ഫു വ്യാപാരിക്കെതിരെ കേസെടുത്ത പോലീസ് വെട്ടിലായി.
വേലക്ക് നിന്ന വീട്ടില്‍ യാതൊരു ഉപദ്രവവും ഏറ്റിട്ടില്ലെന്നും വീട്ടുടമ തന്നെയും കുടുംബത്തേയും ഏറെ സഹായിക്കുന്ന വ്യക്തിയാണെന്നും കാണിച്ച് യുവതി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതാണ് പോലീസിനെ വെട്ടിലാക്കിയത്.

ഉദുമ കാപ്പില്‍ സ്വദേശിയും അബുദാബി വ്യാപാരിയുമായ കെ.വി.യൂസഫിന്റെ കാപ്പിലുള്ള വസതിയില്‍ കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടു ജോലിക്ക് നിന്ന കുമ്പള സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് തനിക്ക് യാതൊരു പീഡനവും ഏറ്റിട്ടില്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ കണ്ട് നേരിട്ട് മൊഴി നല്‍കിയത്. യൂസഫിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി തനിച്ച് വീടുവിട്ടിറങ്ങിയ ഇരുപത്തിരണ്ടുകാരിയെ ഉദുമ രഞ്ജീസ് തിയേറ്റര്‍ പരിസരത്ത് വെച്ച് ചിലര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് ബേക്കല്‍ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും കാസര്‍കോട് വനിതാ സെല്ലിന് കൈമാറുകയും ചെയ്തു. തൊട്ടു പിറ്റേ ദിവസം രാവിലെ യുവതിയെ കുമ്പളയില്‍ നിന്നെത്തിയ പിതാവിനോടും സഹോദരനോടുമൊപ്പം പോലീസ് പറഞ്ഞു വിട്ടു. ഇതിനുശേഷമാണ് ബേക്കല്‍ പോലീസ് വീട്ടുടമ യൂസഫിനെതിരെ കേസെടുക്കുകയും ചെയ്തു. 

എന്നാല്‍ ഇക്കഴിഞ്ഞ 13ന് വൈകുന്നേരം ഉദുമ കാപ്പിലിലെ വേലക്ക് നിന്ന വീട്ടില്‍ നിന്നും കുമ്പളയിലെ സ്വന്തം വസതിയിലേക്ക് വരാന്‍ പാലക്കുന്ന് ബസ്സ്റ്റാന്റിലേക്ക് നടന്നു വരവേ ചിലര്‍ തടഞ്ഞു വെക്കുകയും ബേക്കല്‍ പോലീസില്‍ കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ഇരുപത്തിരണ്ടുകാരി യുവതിയും പിതാവും ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് കഴിഞ്ഞ ദിവസം ബോധിപ്പിക്കുകയും ചെയ്തു. തനിക്കോ കുടുംബത്തിനോ വീട്ടുടമസ്ഥനില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ യാതൊരു വിധത്തിലുള്ള ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ലെന്നും യുവതി ബോധിപ്പിച്ചിട്ടുണ്ട്. 

കള്ളപ്പരാതി നല്‍കി വീട്ടുടമയെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രദേശത്തെ ചിലര്‍ കരുക്കള്‍ നീക്കിയെന്നാണ് യുവതിയും പിതാവും പറയുന്നത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 164 അനുസരിച്ച് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ വീട്ടുടമയെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്ത് ലഭിച്ച ഫോണ്‍ സന്ദേശത്തിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് കുമ്പള സിഐക്ക് മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നും ഒട്ടേറെ തവണ വിളിച്ച് യൂസഫിനെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ഒരു സായാഹ്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ഫോണിലൂടെയുള്ള ഭീഷണിയെന്ന് കുമ്പള സിഐക്ക് നല്‍കിയ പരാതിയില്‍ യുവതിയുടെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.