Latest News

ബോംബുകളും ആയുധങ്ങളുമായി സിപിഎമ്മുകാര്‍ പിടിയില്‍

മട്ടന്നൂര്‍:[www.malabarflash.com] വെളിയമ്പ്രയില്‍നിന്നു ബോംബുകളും ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകരായ നാലുപേരെ രണ്ടു ബൈക്ക് സഹിതം മട്ടന്നൂര്‍ പോലീസ് പിടികൂടി. കൂത്തുപറമ്പ് ആമ്പിലാട്ടെ ദേവികൃഷ്ണയില്‍ പി.നിഖില്‍, റിന്‍ഷ നിവാസില്‍ ടി.കെ.റിജില്‍ രാജ്, മാങ്ങാട്ടിടം അയ്യപ്പന്‍തോട്ടിലെ ഹിരണ്‍ നി വാസില്‍ അനിരുദ്ധ് ദാസ്, ശിവപുരം സ്വദേശി പ്രദീപന്‍ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. പ്രദീപന്‍ സിപിഎം മാലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

രഹസ്യവിവരത്തെത്തുടര്‍ന്നു വെള്ളിയാഴ്ച രാവിലെ ആറോടെ മട്ടന്നൂര്‍ എസ്‌ഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചാ വശേരി 19-ാം മൈല്‍- പഴശി ഡാം റോഡില്‍ കൊട്ടാരത്തിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു നിഖില്‍, റിജില്‍ രാജ്, അനിരുദ്ധ് ദാസ് എന്നിവര്‍ പിടിയിലായത്. ഇവരില്‍നിന്നു രണ്ടു വാള്‍, രണ്ടു സ്റ്റീല്‍ ബോംബ്, രണ്ട് ഇരുമ്പ് ദണ്ഡ്, ഒരു നഞ്ചക്ക്, രണ്ടു ബോട്ടില്‍ കുരുമുളക് സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. മുന്നുപേരുടെയും ഷര്‍ട്ടിനുള്ളിലും ബൈക്കിനുള്ളിലും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബോംബുകളും ആയുധങ്ങളും. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ടു സംഘം ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളുടെ നമ്പര്‍പ്ലേറ്റ് സ്റ്റിക്കര്‍ ഉപയോഗിച്ചു മറച്ച നിലയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രദീപനെ ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

രാവിലെ വെളിയമ്പ്രയില്‍നിന്നു മട്ടന്നൂരിലേക്കു പുറപ്പെടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശിവപുരം പടുപാറയിലെ രാജേഷിനെ ആക്രമിക്കാന്‍ എത്തിയതാണെന്നാണു പിടിയിലായവര്‍ മൊഴി നല്‍കിയത്. പിടിയിലായ ഒരാളുടെ സഹോദരി യെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്യാനാണ് എത്തിയതെന്നും സംഘം പോലീസിനോട് പറഞ്ഞിരുന്നു. സിപിഎം മാലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ പ്രദീപനാണു രാജേഷിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കൂത്തുപറമ്പ് സിഐ പ്രേംസദനെ ആക്രമിച്ചതുള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയാണു പിടിയിലായ അനിരുദ്ധ് ദാസ്.

രാവിലെ ആറിനു പുറപ്പെടുന്ന ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണു പോലീസ് നിഗമനം. ബോംബും ആയുധങ്ങളും പുതിയതായതിനാല്‍ ഇവ എവിടെ നിര്‍മിച്ചതാണെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. ബോംബുകള്‍ കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌കാഡ് നിര്‍വീര്യമാക്കി.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.