Latest News

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

കണ്ണൂര്‍:[www.malabarflash.com] ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്. മയ്യില്‍ പഞ്ചായത്തിലെ കണ്ടക്കൈ ചാലവയല്‍ അങ്കണവാടി വിദ്യാര്‍ഥിനിയാണ് കല്‍ഹാര.

നമ്മളെ അങ്കണവാടി ടീച്ചര്‍മാരുടെയും ആയമാരുടെയും ശമ്പളം വര്‍ധിപ്പിച്ച യുഡിഎഫിനാകട്ടെ നിങ്ങളുടെ വോട്ട് എന്ന് ആലേഖനംചെയ്ത സ്‌ളേറ്റുമായി കല്‍ഹാര നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. തൊട്ടടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ ശനിയാഴ്ച രാവിലെമുതല്‍ യുഡിഎഫുകാര്‍ ഇത് പ്രചരിപ്പിക്കുകയാണ്.

സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പോസ്റ്റര്‍ പിന്‍വലിപ്പിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. തനിക്കും കുടുംബത്തിനും കടുത്ത മാനസിക പ്രയാസവും മാനഹാനിയുമാണ് ഈ പോസ്റ്റര്‍ പ്രചാരണമെന്ന് ബിജു കണ്ടക്കൈ പരാതിയില്‍ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും ബിജു കണ്ടക്കൈ പരാതി നല്‍കി.

ഐഎന്‍സി സൈബര്‍ ആര്‍മി കടമ്പൂരിനുവേണ്ടി മുനീഫ് എന്നയാളാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. കൃഷി മന്ത്രി കെപി മോഹനന്റെ പിഎ ധനഞ്ജയനാണ് ഇത് വാട്‌സ് ആപിലൂടെ പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഇയാളുടെ ഫോണ്‍നമ്പറും നല്‍കിയിട്ടുണ്ട്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.