Latest News

പോയകാലത്തിന്റെ സാംസ്‌കാരികവും കാര്‍ഷികവുമായ പാരമ്പര്യത്തെ പിന്തുടര്‍ന്ന് കന്നുകാലി പ്രദര്‍ശനം

ബേക്കല്‍:[www.malabarflash.com] പൂരോല്‍സവ നാളില്‍ പോയകാലത്തിന്റെ സാംസ്‌കാരികവും കാര്‍ഷികവുമായ പാരമ്പര്യത്തെ പിന്തുടര്‍ന്നു കന്നുകാലി പ്രദര്‍ശനവും വില്‍പ്പനയും. അരവത്ത് മട്ടൈങ്ങാനം പൂബാണംകുഴി ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗോത്ര സംസ്‌കൃതിയുടെ ഭാഗമായ കന്നുകാലി പ്രദര്‍ശനമൊരുക്കിയത്.

ജൈവകൃഷിയുടെ പ്രധാന്യം ബോധ്യപ്പെടുത്താനും, പശു പരിപാലനത്തിലൂടെ ആരോഗ്യ പൂര്‍ണവും രോഗവിമുക്തവുമായ ജീവിത സാഹചര്യം ഭാവിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ലക്ഷ്യമിട്ടാണ് പ്രദര്‍ശനമൊരുക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു. പശു, കിടാരി, കന്നുകുട്ടി എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനമൊരുക്കിയത്. അമ്പതോളം ഉരുക്കള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

മികച്ച പശു, കിടാരി, കന്നുകുട്ടി എന്നിവയ്ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പശു, കിടാരി എന്നീ വിഭാഗത്തില്‍ ഗോവിന്ദന്‍ പൊടിപ്പള്ളവും കന്നുകുട്ടി വിഭാഗത്തില്‍ പ്രഭാകരന്‍ പാലതാട്ടും ജേതാക്കളായി. കൂടാതെ മികച്ച ആകാരവും വലുപ്പവും കൊണ്ടു മേളയില്‍ ശ്രദ്ധേയമായ കാളയുടെ ഉടമ സുബൈര്‍ ഹദ്ദാദിനു പ്രത്യേക സമ്മാനവും ലഭിച്ചു.

പ്രദര്‍ശനം ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ലക്ഷ്മി അരവത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ. വേണുഗോപാല്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ശിവരാമന്‍, സെക്രട്ടറി വി.വി. കൃഷ്ണന്‍, ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി. കുഞ്ഞിരാമന്‍ തെക്ക് വീട്, സെക്രട്ടറി രാജീവന്‍ തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട. ചീഫ് വെറ്ററിനറി ഓഫിസര്‍ പി.എ. ഷെയ്ക്ക് കോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.