Latest News

ജീവനൊടുക്കിയ ക്ഷേത്ര സ്ഥാനികന് 20 ലക്ഷം രൂപയുടെ കടബാധ്യത

നീലേശ്വരം:[www.malabarflash.com] കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ ബാലന്‍ അന്തിത്തിരിയന്‍ ആസിഡുകഴിച്ച് ജീവനൊടുക്കാന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണെന്ന് പോലീസ് കണ്ടെത്തി.

ചിട്ടി ഇടപാടിലൂടെ ചുരുങ്ങിയത് 20 ലക്ഷത്തിന്റെ ബാധ്യത ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് ഇനിയും കൂടാനാണു സാധ്യത. അതുപോലെ തന്നെ ലക്ഷക്കണക്കിനു രൂപ ചിട്ടി നടത്തിയ വകയില്‍ സ്ഥാനികന് കിട്ടാനുണ്ട്. 

കൊല്ലം പാറയിലെ ഒരു കടമുറി കേന്ദ്രീകരിച്ചാണ് ബാലന്‍ അന്തിത്തിരിയന്‍ ചിട്ടി നടത്തിക്കൊണ്ടിരുന്നത്. ഒരു ലക്ഷത്തിനു മുകളിലുള്ള ചിട്ടികളാണ് നടത്തിക്കൊണ്ടിരുന്നത്. ആദ്യകാലയളവില്‍ ചിട്ടി സുഗമമായി നടന്നുകൊണ്ടിരുന്നു. പിന്നീട് ചിട്ടി പിടിച്ചവര്‍ പലരും പണം അടക്കാനുണ്ട്. ഇത് കിട്ടാതെ വന്നപ്പോള്‍ കടം പെരുകി വരികയായിരുന്നു. 

അന്തിത്തിരിയന് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടു ചെലവിലേക്കും ബാങ്ക് ഇടപാടിനും ചിട്ടിപ്പണമാണ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഭാര്യമാരുള്ള ബാലന്‍ അന്തിത്തിരിയന്‍ രണ്ട് വീട്ടിലേക്കുള്ള ചിലവും ബാധ്യതയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയില്‍ ഒരു മകളുടെ വിവാഹവും നടത്തിക്കൊടുത്തു. 

സ്ത്രീകള്‍ വായ്പ്പയായി വാങ്ങിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നതില്‍ കഴമ്പില്ലെന്ന് പോലീസ് പറയുന്നു. സ്ഥലത്തെ മറ്റൊരു സ്ത്രീ ചിട്ടി വിളിച്ചെടുത്ത ശേഷം തിരിച്ചടവ് കൃത്യമായി നടത്തിയിട്ടില്ലെന്നും പോലീസിന് സൂചന ലഭിച്ചു. ഇടപാടുകാര്‍ ഇപ്പോള്‍ പണം ആവശ്യപ്പെട്ട് അന്തിത്തിരിയന്റെ വീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്. പുതുക്കൈ വൈനിങ്ങാലില്‍ കോടികളുടെ ചിട്ടി നടത്തി കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തി വെച്ച സംഭവം ഏറെ പ്രമാദമായിരുന്നു.
ഇതിന് സമാനമാണ് കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്റെയും അനുഭവം. നീലേശ്വരം അഡി. എസ്‌ഐ എം.ചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ അസ്വഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.